സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി നടത്തിയ സംസ്ഥാനവ്യാപക മിന്നൽ പരിശോധനയിൽ കോഴിക്കോട്ട് മാത്രം ആവർത്തിച്ച് ഉപയോഗിച്ച 440 ലിറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച ആയിരത്തോളം എണ്ണക്കടികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു.
കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശൂർ, കൊല്ലം ജില്ലകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വൻതോതിൽ എണ്ണക്കടികൾ നിർമിച്ച് റീട്ടെയിൽ കടകളിലേക്കും ഹോട്ടലുകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങളായിരുന്നു പരിശോധനയുടെ ലക്ഷ്യം.
കോഴിക്കോട്ട് പുലർച്ചെ ആരംഭിച്ച പരിശോധനയിൽ ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സേവനവും പ്രയോജനപ്പെടുത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
മലപ്പുറത്ത് എണ്ണക്കടി നിർമാണ കേന്ദ്രങ്ങളിൽനിന്ന് അഞ്ച് ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുത്തു. ഒരു സ്ഥാപനം അടച്ചുപൂട്ടുകയും മൂന്ന് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. പാലക്കാട് നഗരത്തിലെ നാല് സ്ഥാപനങ്ങളിൽനിന്ന് നിലവാരമില്ലാത്ത 120 ലിറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതിനെ തുടർന്ന് നാല് കടകൾക്ക് പിഴയും ചുമത്തി.
എറണാകുളത്തും തൃശൂരുമായി മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചു. എറണാകുളത്ത് സമൂസ നിർമാണത്തിനായി എത്തിച്ച കേടായ 30 കിലോഗ്രാം കാരറ്റും ഉദ്യോഗസ്ഥർ നശിപ്പിച്ചു. കൊല്ലത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾ പൂട്ടിച്ചു.
ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം, വിതരണം എന്നിവയിൽ ഗുരുതരമായ വീഴ്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധനയും നടപടികളും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
