തേനിയിൽ ജയിൽ ചാടിയ 17 തടവുകാരിൽ 13 പേർ പിടിയിൽ; നാലുപേർക്കായി തെരച്ചിൽ ഊർജിതം

തമിഴ്നാട്ടിലെ തേനിയിൽ ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് കൂട്ടത്തോടെ രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെ ഒരു പകൽ നീണ്ട തെരച്ചിലിനിടെ പിടികൂടി പൊലീസ്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ എട്ടുപേരെ കൂടി പിടികൂടിയതോടെയാണ് അറസ്റ്റിലായവരുടെ എണ്ണം 13 ആയത്. ശേഷിക്കുന്ന നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്.

ഇന്ന് പുലർച്ചെയാണ് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാർ രക്ഷപ്പെട്ടത്. സംഘത്തിലൊരാൾക്ക് അപസ്മാരം വന്നതായി അഭിനയിച്ചതിനെ തുടർന്ന് സഹായിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചാണ് ഇവർ കടന്നുകളഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ പരിക്കേറ്റ ജയിൽ വാർഡൻ തങ്കപാണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിനു പിന്നാലെ തേനി, മധുര ജില്ലകളിൽ പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. തടവുകാർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തി മേഖലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കുമളി, കമ്പംമേട്, ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധികളിൽ അന്വേഷണം ഊർജിതമാണ്.

ആയുധം കൈവശം വെച്ചതുൾപ്പെടെയുള്ള വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചുവരുന്ന തമിഴ്‌നാട് സ്വദേശികളാണ് രക്ഷപ്പെട്ട തടവുകാരെല്ലാം. പിടിയിലാകാനുള്ള നാലുപേരെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക