വിജിലൻസിന്റെ ടി സെക്ഷനുകളെ ആർടിഐ പരിധിയിൽ നിന്ന് ഒഴിവാക്കി; സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി

വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളായ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. സർക്കാർ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി.കെ. മുരളീകൃഷ്ണനാണ് ഹർജി സമർപ്പിച്ചത്. ആർടിഐ കേരള ഫെഡറേഷനും ഇതേ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഒക്ടോബർ 22-നാണ് വിജിലൻസിന്റെ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണമായി ഒഴിവാക്കി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. നേരത്തെ, കേസുകളിൽ ഇരയാക്കപ്പെടുന്നവർക്കും പൊതുജനങ്ങൾക്കും വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭ്യമാക്കാൻ സാധിച്ചിരുന്നു. പുതിയ തീരുമാനം അഴിമതിക്കേസുകളിലെ സുതാര്യത ഇല്ലാതാക്കുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

വിജിലൻസ് സുരക്ഷാ ഏജൻസിയല്ലെന്നും അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്ന ഏജൻസി മാത്രമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ അധികാരപരിധി മറികടന്ന് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്നും ഹർജിക്കാരൻ വാദിക്കുന്നു.

ഹർജി ഇന്ന് (ഒക്ടോബർ 28) ഹൈക്കോടതി പരിഗണിക്കും.

മറുപടി രേഖപ്പെടുത്തുക