ഭൂട്ടാനിലെ ഹിമാലയൻ മേഖലയിലുള്ള ഷിന്റഫു ഹിമതടാകം തകർന്നതിനെ തുടർന്ന് ഇന്ത്യയിലെ അസമിലും പശ്ചിമ ബംഗാളിലും ജാഗ്രതാ നിർദേശം. വ്യാഴാഴ്ച വൈകുന്നേരം ഭൂട്ടാനിലെ ഗസ ജില്ലയിലാണ് തടാകം തകർന്നത്.
ഇതോടെ അതിർത്തി കടന്നൊഴുകുന്ന നദികളിൽ ജലനിരപ്പ് ഉയരാനും പ്രളയമുണ്ടാകാനും സാധ്യതയുള്ളതിനാൽ ഇരുസംസ്ഥാനങ്ങളിലും അടിയന്തര നിരീക്ഷണം ശക്തമാക്കി.മോ ചു നദീതീരത്തെ ഗസ ഷാച്ചു ചൂടുനീരുറവയിലെ സൗകര്യങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണമായും തകർന്നു. എന്നാൽ മുൻകൂട്ടി പ്രദേശം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
ഭൂട്ടാൻ അധികൃതർ ഇന്ത്യയെ വിവരം അറിയിച്ചതോടെ അസമിലെ ധുബ്രി, പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, അലിപുർദുവാർ, ജൽപായ്ഗുരി ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റാനും ദുരന്തനിവാരണ സേനയെ സജ്ജമാക്കാനും നിർദേശമുണ്ട്.
