ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽനിന്ന് 1.27 കോടിയോളം ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. അർഹരായ മുഴുവൻ വോട്ടർമാരുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ പാർട്ടി പ്രവർത്തകർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽനിന്നുള്ള പേരുകൾ ഒഴിവാക്കപ്പെട്ടത് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 28 മണ്ഡലങ്ങളിൽ ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചിട്ടുണ്ടെന്നും യോഗി ആരോപിച്ചു. സംസ്ഥാനത്ത് 16 കോടിയിലധികം വോട്ടർമാർ ഉണ്ടാകേണ്ട സ്ഥാനത്ത് നിലവിൽ ഏകദേശം 13 കോടി പേർ മാത്രമാണ് പട്ടികയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലുള്ള 66 ലക്ഷത്തോളം പേരുടെ വിവരങ്ങൾ നിയമസഭാ മണ്ഡലങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം പേരും 18-19 പ്രായപരിധിയിലുള്ള 4.5 ലക്ഷത്തോളം പുതിയ വോട്ടർമാരും പട്ടികയ്ക്ക് പുറത്താണെന്നും യോഗി അവകാശപ്പെട്ടു.
ബൂത്ത് ലെവൽ ഓഫീസർമാരുമായി ചേർന്ന് അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും എംപിമാരും എംഎൽഎമാരും പാർട്ടി ഭാരവാഹികളും ഇതിന് നേതൃത്വം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
