അർജന്റീനയിലേക്ക് വിസയില്ലാതെ യാത്ര; ഇന്ത്യക്കാർ അറിയേണ്ട പുതിയ ഇളവുകൾ അറിയാം

ഇന്ത്യൻ വിനോദസഞ്ചാരികളെയും ബിസിനസുകാരെയും നിക്ഷേപകരെയും ആകർഷിക്കാൻ കൂടുതൽ ഇളവുകളും അവസരങ്ങളും പ്രഖ്യാപിച്ച് ദക്ഷിണ അമേരിക്കൻ രാജ്യമായ അർജന്റീന. ഡൽഹിയിൽ നടന്ന ഐക്കണിക് ടൂറിസം ഉച്ചകോടിയിൽ ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ കാസിനോയാണ് ഇക്കാര്യം അറിയിച്ചത്.

2025 ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം സാധുവായ യുഎസ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് അർജന്റീനയിൽ 90 ദിവസം വരെ വിസയില്ലാതെ സന്ദർശിക്കാം. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇത് വലിയ അവസരമാണെന്ന് കാസിനോ പറഞ്ഞു.

ഇന്ത്യൻ പൗരന്മാർക്ക് അഞ്ച് വർഷത്തെ ബിസിനസ് വിസ പൂർണമായും സൗജന്യമായി നൽകുമെന്നും അംബാസഡർ അറിയിച്ചു. ഇന്ത്യക്കാർ അർജന്റീനയിലെത്തി ബിസിനസ് നടത്തുകയും നിക്ഷേപം നടത്തുകയും വേണമെന്നും ടൂറിസത്തിനും നിക്ഷേപത്തിനുമായി രാജ്യത്തിന്റെ വാതിലുകൾ തുറന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും അർജന്റീനയും തമ്മിലുള്ള വിമാനയാത്ര കൂടുതൽ സുഗമമാക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും സിവിൽ ഏവിയേഷൻ വകുപ്പുകൾ തമ്മിൽ ‘എയർ സർവീസസ് കരാറിനായി’ ചർച്ചകൾ നടക്കുകയാണെന്നും കാസിനോ പറഞ്ഞു. കരാർ യാഥാർഥ്യമായാൽ കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താൻ വിമാനക്കമ്പനികൾക്ക് അവസരം ലഭിക്കും. കോഡ്-ഷെയർ കരാറുകളും വർധിച്ച മത്സരവും വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നതിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

റിമോട്ടായി ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി അർജന്റീന നൽകുന്ന ‘ഡിജിറ്റൽ നോമാഡ് വിസ’യും അംബാസഡർ ചൂണ്ടിക്കാട്ടി. ഈ വിസയിലൂടെ ആറുമാസം വരെ അർജന്റീനയിൽ താമസിക്കാം. ആവശ്യമെങ്കിൽ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാനും കഴിയും. ഇന്ത്യൻ ടെക് പ്രൊഫഷണലുകളും അർജന്റീനയിലെ സ്റ്റാർട്ടപ്പ് മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ അർജന്റീനയുടെ ആറാമത്തെ വലിയ സാമ്പത്തിക പങ്കാളിയാണ് ഇന്ത്യ. 2025ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 6.5 ബില്യൺ ഡോളർ കവിഞ്ഞു. ഊർജം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ ഇന്ത്യ–അർജന്റീന ബന്ധം തന്ത്രപ്രധാനമാണെന്നും ടൂറിസത്തിലൂടെ ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും കാസിനോ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക