പഞ്ചാബിൽ ആം ആദ്മിക്ക് ഞെട്ടൽ; രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് (എഎപി) വീണ്ടും തിരിച്ചടി. മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കുൻവർ വിജയ് പ്രതാപ് സിംഗ് തിങ്കളാഴ്ച രാവിലെ നിയമസഭാംഗത്വം രാജിവച്ചതിന് പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്. ഞായറാഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ച മറ്റ് രണ്ട് എംഎൽഎമാരും തിങ്കളാഴ്ച ബിജെപിയിൽ അംഗത്വമെടുത്തു.

അമൃത്സർ നോർത്ത് എംഎൽഎ കുൻവർ വിജയ് പ്രതാപ് സിംഗിനൊപ്പം സമാന മണ്ഡലത്തിലെ എംഎൽഎ ചേതൻ സിംഗ് ജൗരമജ്ര, പട്യാല ജില്ലയിലെ സനൗർ എംഎൽഎ ഹർമീത് സിംഗ് പത്തൻമജ്ര എന്നിവരാണ് ബിജെപിയിലെത്തിയത്. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ എഎപി രാഷ്ട്രീയ പ്രതിസന്ധിയിലായി.

2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എഎപി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ സമാന, സനൗർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ഈ രണ്ട് മണ്ഡലങ്ങളിലും പാർട്ടി പുതിയ ചുമതലക്കാരെ നിയമിച്ചതോടെ വീണ്ടും സീറ്റ് ലഭിക്കില്ലെന്ന ആശങ്കയിലാണ് ജൗരമജ്രയും പത്തൻമജ്രയും പാർട്ടി വിട്ടതെന്നാണ് റിപ്പോർട്ടുകൾ.

പാർട്ടി വിട്ട എംഎൽഎമാർ എഎപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. ഡൽഹി നേതൃത്വം പഞ്ചാബിന്റെ ഭരണകാര്യങ്ങളിൽ ഇടപെടുകയാണെന്ന് അവർ ആരോപിച്ചു. സംസ്ഥാനത്തെ മയക്കുമരുന്ന് പ്രശ്നം, കടബാധ്യത, ക്രമസമാധാന നില എന്നിവയിലും സർക്കാരിനെ ചോദ്യം ചെയ്തു. അതേസമയം, പാർട്ടി വിട്ടവരെയും സസ്‌പെൻഡ് ചെയ്യപ്പെട്ടവരെയും ബിജെപി സ്വീകരിക്കുന്നതിനെ പഞ്ചാബ് എഎപി അധ്യക്ഷൻ അമൻ അറോറ വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക