ബിനാൻസിന് വൻ സൈബർ ആക്രമണം; 6.3 ബില്യൺ ഡോളറിന്റെ ക്രിപ്‌റ്റോ ആസ്തികൾ നഷ്ടമായി

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസിന് നേരെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാക്കിംഗ് നടന്നതായി റിപ്പോർട്ട്. വെറും 20 മിനിറ്റിനുള്ളിൽ ഏകദേശം 6.3 ബില്യൺ ഡോളർ (ഏകദേശം 52,000 കോടി രൂപ) മൂല്യമുള്ള ക്രിപ്‌റ്റോ ആസ്തികൾ ഹാക്കർമാർ കവർന്നതായാണ് വിവരം. ആക്രമണത്തെ തുടർന്ന് തടസ്സപ്പെട്ട സേവനങ്ങൾ പുനരാരംഭിച്ച ബിനാൻസ്, ഉപയോക്താക്കൾക്ക് നഷ്ടമുണ്ടാകാതിരിക്കാൻ മോഷ്ടിക്കപ്പെട്ട ആസ്തികളുടെ ഭൂരിഭാഗവും സ്വന്തം ഫണ്ടുകൾ ഉപയോഗിച്ച് നികത്തിയതായി അറിയിച്ചു.

ന്യൂയോർക്ക് സമയം ഒക്ടോബർ 29 രാത്രിയിലായിരുന്നു ആക്രമണം. വിവിധ ബ്ലോക്ക്‌ചെയിനുകളിലെ ഹോട്ട് വാലറ്റുകളിൽനിന്ന് ഹാക്കർമാർ അതിവേഗം ഫണ്ടുകൾ പിൻവലിക്കുകയായിരുന്നു. ഉത്തരകൊറിയൻ സർക്കാർ പിന്തുണയുള്ള ഹാക്കിംഗ് സംഘമായ ‘ട്രേഡർട്രൈറ്റർ’ അഥവാ ലാസറസ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ആരോപിച്ചത്. 2025ൽ ബൈബിറ്റ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ നടന്ന 1.5 ബില്യൺ ഡോളറിന്റെ മോഷണത്തിനും ഇതേ സംഘത്തെ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

ആക്രമണത്തിന് പിന്നാലെ ബിനാൻസ് സഹസ്ഥാപകയും സഹ-സിഇഒയുമായ യി ഹി അബുദാബിയിലെ വസതിയിൽനിന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു. പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ നൂറോളം വിദഗ്ധരെ ഉൾപ്പെടുത്തി ആഗോളതലത്തിൽ പ്രത്യേക സുരക്ഷാ സംഘത്തെയും രൂപീകരിച്ചു. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യി ഹി സമ്മതിക്കുകയും ഭാവിയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

മോഷ്ടിക്കപ്പെട്ട ടോക്കണുകൾ വീണ്ടെടുക്കുന്നതിനുപകരം സ്വന്തം ഫണ്ടുകൾ ഉപയോഗിച്ച് പുതിയ ടോക്കണുകൾ വാങ്ങി ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് ബിനാൻസ് തീരുമാനിച്ചത്. സെക്യുർ അസറ്റ് ഫണ്ട് ഫോർ യൂസേഴ്സ് (SAFU), ഫ്യൂച്ചേഴ്സ് ഇൻഷുറൻസ് ഫണ്ട്, കോർപ്പറേറ്റ് ട്രഷറികൾ എന്നിവയിൽനിന്നുള്ള തുക ഇതിനായി വിനിയോഗിച്ചതായാണ് കമ്പനി അറിയിച്ചത്. മൊത്തം നഷ്ടം നികത്താൻ ഏകദേശം 6.34 ബില്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെന്നും ഉപയോക്താക്കൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും വ്യക്തമാക്കി. ശേഷിക്കുന്ന അഞ്ച് ശതമാനം ആസ്തികൾക്ക് ആവശ്യമായ ദ്രവ്യതയില്ലാത്തതിനാൽ അവ നികത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്നും കമ്പനി അറിയിച്ചു.

ബിറ്റ്കോയിൻ, ഈതർ, ഡോഗ്കോയിൻ, ടെതർ തുടങ്ങിയ പ്രധാന ക്രിപ്‌റ്റോകറൻസികളുടെ പിൻവലിക്കൽ നവംബർ ഒന്ന് മുതൽ ഘട്ടംഘട്ടമായി പുനരാരംഭിച്ചു. തുടർന്ന് ഉപയോക്താക്കൾ ഏകദേശം 3.64 ബില്യൺ ഡോളറിന്റെ ആസ്തികൾ പിൻവലിച്ചതായാണ് കണക്ക്. ബിനാൻസ് കൈകാര്യം ചെയ്യുന്ന 171 ബില്യൺ ഡോളറിന്റെ ആസ്തിയുടെ 2.1 ശതമാനത്തോളമാണിത്. അതേസമയം, മറ്റ് ക്രിപ്‌റ്റോ മേഖലയിലെ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ മോഷ്ടിക്കപ്പെട്ട ഏകദേശം മൂന്ന് ബില്യൺ ഡോളറിന്റെ ആസ്തികൾ മരവിപ്പിക്കാനും കഴിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക