ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ സന്ദർശിച്ച് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡൽഹിയിൽ മകൾ മിസ ഭാരതിയുടെ വസതിയിലെത്തിയാണ് സോണിയ അദ്ദേഹത്തെ കണ്ടത്. എയിംസിൽ ചികിത്സ തുടരുന്ന ലാലുവിന്റെ ആരോഗ്യവിവരങ്ങളും സോണിയ അന്വേഷിച്ചു.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ലാലു പ്രസാദിനെ വിദഗ്ധ ചികിത്സയ്ക്കായാണ് പട്നയിലെ ഐജിഐഎംഎസിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചത്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ച ലാലു, യുപിഎ ഭരണകാലത്തെ രാഷ്ട്രീയ സഹകരണത്തിന്റെ ഓർമകൾ ഈ സന്ദർശനം പുതുക്കിയെന്ന് കുറിച്ചു.
യുപിഎ സർക്കാരിന്റെ കാലത്ത് യുവാക്കൾ, കർഷകർ, സൈനികർ, സാധാരണക്കാർ എന്നിവർക്കായി നടപ്പാക്കിയ ക്ഷേമപദ്ധതികളും ലാലു അനുസ്മരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ), വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ), വിവരാവകാശ നിയമം (ആർടിഐ) തുടങ്ങിയ സുപ്രധാന നിയമനിർമാണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സർക്കാർ ബിഹാറിന്റെ വികസനത്തിനായി 1.45 ലക്ഷം കോടി രൂപയിലധികം അനുവദിച്ച കാര്യവും ലാലു ഓർമിപ്പിച്ചു.
സോണിയ ഗാന്ധിയുടെ സന്ദർശനം പിതാവിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാനായിരുന്നുവെന്ന് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു. പതിവ് ആരോഗ്യപരിശോധനയ്ക്കായാണ് ലാലു ഡൽഹിയിലെത്തിയത്. സോണിയയെ ഇക്കാര്യം അറിയിച്ചപ്പോൾ അവർ നേരിട്ട് കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും തേജസ്വി വ്യക്തമാക്കി. ലാലുവും സോണിയയും തമ്മിൽ ദീർഘകാലത്തെ സൗഹൃദവും രാഷ്ട്രീയ ബന്ധവുമുണ്ടെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഇരുവരും പരസ്പരം പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് തേജസ്വി
ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തിയ റാലിയെക്കുറിച്ചും തേജസ്വി പ്രതികരിച്ചു. രാജ്യത്തെ വെല്ലുവിളികൾ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കണമെന്നും ഐക്യമില്ലാതെ പോരാട്ടത്തിൽ വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാംലീല മൈതാനത്തെ റാലി അവസാന പരിപാടിയല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നും തേജസ്വി വ്യക്തമാക്കി.
റാലി പരാജയമായിരുന്നുവെന്ന ബിജെപിയുടെ വിമർശനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. റാലി പരാജയമായിരുന്നെങ്കിൽ അത് തെളിയിക്കാൻ ഭരണകക്ഷി ഇത്രയധികം ശ്രമിക്കുന്നത് എന്തിനാണെന്ന് തേജസ്വി ചോദിച്ചു. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ പുറത്തുവന്നതിലുള്ള അസ്വസ്ഥതയാണ് ബിജെപിയുടെ പ്രതികരണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
