ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച പൂർത്തിയായതിന് പിന്നാലെ ആക്രമണം നടത്തണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ആവശ്യമെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. വാഷിങ്ടണിലെയും വെസ്റ്റ് ജറുസലേമിലെയും വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപും നെതന്യാഹുവും ശനിയാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണം കടുപ്പമേറിയതായിരുന്നുവെന്നാണ് ഇസ്രയേൽ വൃത്തം വിശേഷിപ്പിച്ചത്. നേരിട്ടുള്ള ചർച്ചയായിരുന്നുവെന്നാണ് അമേരിക്കൻ വൃത്തത്തിന്റെ പ്രതികരണം. ഉടൻ ഇറാനെ ആക്രമിക്കുന്നതിന് പകരം വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകൾക്ക് അവസരം നൽകാനാണ് താൽപര്യമെന്ന് ട്രംപ് വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ സമീപനത്തിൽ നെതന്യാഹുവിന് ആശങ്കയുണ്ടെന്നാണ് സൂചന.
കഴിഞ്ഞ മാസം നടന്ന ഇസ്രയേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷം നേടാനായിരുന്നില്ല. ഇതോടെ സഖ്യകക്ഷികളുമായി പ്രയാസകരമായ ചർച്ചകൾ നേരിടുന്ന സാഹചര്യത്തിലാണ് ഇറാൻ വിഷയത്തിൽ അമേരിക്കയുമായുള്ള നിർണായക ചർച്ചയും നടക്കുന്നത്.
അതേസമയം, നെതന്യാഹുവിന്റെ സമ്മർദത്തെ തുടർന്ന് ഇറാനെതിരെ അമേരിക്ക ഏതാനും ദിവസങ്ങൾക്കുള്ളിൽ ആണവാക്രമണം നടത്തിയേക്കാമെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകൻ ടക്കർ കാൾസൺ എക്സിൽ ആരോപിച്ചു. ഇറാന്റെ മധ്യഭാഗത്തുള്ള പിക്കാക്സ് മൗണ്ടൻ ആണവകേന്ദ്രമാണ് ലക്ഷ്യമിടുന്നതെന്നാണ് കാൾസൺ അവകാശപ്പെട്ടത്. ഇറാൻ ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇറാനുമായുള്ള ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഇറാന്റെ ചില ആണവകേന്ദ്രങ്ങൾ ഇല്ലാതാക്കേണ്ടതുണ്ടെന്നും പിക്കാക്സ് മൗണ്ടൻ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ആക്രമിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാൻ സമാധാന വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചിട്ടുണ്ട്.
എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷത്തിൽ നിർണായക ആയുധങ്ങൾ വ്യാപകമായി ഉപയോഗിച്ചതോടെ അമേരിക്കയുടെ സൈനിക ആയുധശേഖരത്തിൽ കുറവുണ്ടായെന്നും പുനഃശേഖരണത്തിൽ പ്രതിസന്ധികളുണ്ടെന്നും പെന്റഗൺ ഇൻസ്പെക്ടർ ജനറൽ സെപ്റ്റംബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് 15 ബില്യൺ ഡോളർ വരെ നാശനഷ്ടമുണ്ടാക്കിയതായും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ, മാസങ്ങളായി മുടങ്ങിക്കിടന്ന ചർച്ചകൾ പുനരാരംഭിക്കാൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞയാഴ്ച ഇറാൻ ദേശീയ സുരക്ഷാ മേധാവി മൊഹ്സൻ റെസായിക്ക് കത്തയച്ചിരുന്നു. ഖത്തർ മധ്യസ്ഥതയിൽ മൂന്ന് ദിവസം അമേരിക്കയുമായി സന്ദേശങ്ങൾ കൈമാറിയശേഷം ഞായറാഴ്ച ഇറാൻ പ്രതിനിധികൾ ദോഹ വിട്ടു. സെപ്റ്റംബറിൽ ഇറാൻ മുന്നോട്ടുവച്ച ഏഴ് ഘട്ട പദ്ധതിയാണ് ചർച്ചകളിൽ പ്രധാനമായും പരിഗണിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി അറിയിച്ചു.
അമേരിക്കയുടെ നാവിക ഉപരോധം അവസാനിപ്പിക്കുകയും ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനോ സുരക്ഷ ഉറപ്പാക്കുന്നതിനോ അന്തിമ ധാരണയിലെത്താനാകില്ലെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, വീണ്ടും ആക്രമണമുണ്ടായാൽ ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ ഉടനടി ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തോട് പരമോന്നത നേതാവ് മൊജ്തബ ഖമനയി നിർദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കാണാൻ ഇടപെടാൻ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം സെന്റ് പീറ്റേഴ്സ്ബർഗിൽ ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുടിൻ ഇക്കാര്യം അറിയിച്ചതായി പ്രസിഡന്റിന്റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു.
