ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളോട് ശത്രുതയില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ. വിദേശ സൈനിക സാന്നിധ്യത്തെ ആശ്രയിക്കാതെ ഗൾഫ് രാജ്യങ്ങൾ സ്വന്തം നേതൃത്വത്തിൽ പ്രാദേശിക സുരക്ഷാ സംവിധാനം രൂപീകരിക്കണമെന്നാണ് ഇറാന്റെ നിർദേശം. ഖത്തറിന്റെയും ഒമാന്റെയും മധ്യസ്ഥശ്രമങ്ങളെ അഭിനന്ദിച്ച വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, സൗദി അറേബ്യയുമായുള്ള ചർച്ചകൾ തുടരുകയാണെന്നും വ്യക്തമാക്കി.
അതേസമയം, അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ സൈനിക നടപടി ശക്തമാക്കാനുള്ള സാധ്യത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകണമെന്നാണ് ട്രംപിന്റെ നിലപാടെന്നാണ് വിവരം. ഇറാൻ വിഷയത്തിൽ അമേരിക്കൻ ഭരണകൂടത്തിനുള്ളിലും ചർച്ചകളിലൂടെ പരിഹാരം വേണമെന്നവരും സാമ്പത്തിക സമ്മർദം തുടരണമെന്ന് ആവശ്യപ്പെടുന്നവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്.
അമേരിക്കയുടെ ആക്രമണസാധ്യതയും ഇറാന്റെ തിരിച്ചടിയും കണക്കിലെടുത്ത് ഖത്തറും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സുരക്ഷാ തയ്യാറെടുപ്പുകൾ ശക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ അമേരിക്ക-ഇറാൻ ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ആക്രമണങ്ങൾ മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നു.
