മോഹൻ ഭാഗവതിനെപ്പോലും മധ്യസ്ഥനാക്കാം; മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരസ്യസംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന് വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിക്കുന്ന പ്രധാനമന്ത്രി, ധൈര്യമുണ്ടെങ്കിൽ നേരിട്ട് സംവാദത്തിന് തയ്യാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. സംവാദത്തിനുള്ള വേദി ഉടൻ നിശ്ചയിക്കണമെന്നും എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെയും യുവാക്കളുടെയും സാന്നിധ്യത്തിൽ ഇരുവശങ്ങളിലിരുന്ന് ചർച്ച നടത്താമെന്നാണ് രാഹുലിന്റെ നിർദേശം. ചർച്ചയിൽ ജഡ്ജിയെയോ മധ്യസ്ഥനെയോ തീരുമാനിക്കാനുള്ള അധികാരം മോദിക്കായിരിക്കുമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെപ്പോലും ആ ചുമതല ഏൽപ്പിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

തനിക്കെതിരെ 45ഓളം അപകീർത്തിക്കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, വിദേശബന്ധ ആരോപണത്തിൽ പ്രധാനമന്ത്രി എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്നും ചോദിച്ചു. സത്യവും മിഥ്യയും വേർതിരിച്ചറിയാൻ തുറന്ന സംവാദം ആവശ്യമാണെന്നും പറഞ്ഞ അദ്ദേഹം സന്ദേശത്തിന്റെ അവസാനം മോദിക്ക് ദീപാവലി ആശംസകളും നേർന്നു.

മറുപടി രേഖപ്പെടുത്തുക