സമരങ്ങൾക്ക് സമയപരിധിയും നിയന്ത്രണങ്ങളും വേണം; അനിശ്ചിതകാല പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

സമരങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങളും സമയപരിധിയും നിശ്ചയിക്കണമെന്ന് സുപ്രീംകോടതി. പ്രതിഷേധങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ ഒരു വിഭാഗത്തിന് അനിശ്ചിതകാലത്തേക്ക് കൈവശം വയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരങ്ങൾക്ക് അനുമതി നൽകുമ്പോൾ കൃത്യമായ വ്യവസ്ഥകളും കാലാവധിയും നിശ്ചയിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഡൽഹിയിലെ എസ്.ഐ.ആർ പ്രതിഷേധവുമായി ബന്ധപ്പെട്ട് എം.എ. ബേബി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും കർഷകർ, തൊഴിലാളികൾ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കും അതിനുള്ള അവസരം ലഭിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു വിഭാഗത്തിന്റെ സമരം മറ്റുള്ളവരുടെ പ്രതിഷേധാവകാശം തടസ്സപ്പെടുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിന് ഒരു ദിവസത്തെ അനുമതി നൽകിയിട്ടും സമരക്കാർ 17 ദിവസം സ്ഥലം കൈവശം വെച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സമരം വ്യാപാരമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളും ഹർജി നൽകിയിരുന്നു. അടുത്ത രണ്ട് മാസത്തേക്ക് പ്രതിഷേധങ്ങളും ധർണകളും അനുവദിക്കരുതെന്നായിരുന്നു ആവശ്യം. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹർജിയിൽ സമരസംഘാടകരെയും എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചു.

ഓട്ടോറിക്ഷ, ട്രക്ക് തൊഴിലാളികൾ സമർപ്പിച്ച ഹർജികളിലും കോടതി നോട്ടീസ് അയച്ചു. വാദത്തിനിടെ അഭിഭാഷകർ പരസ്പരം ശബ്ദമുയർത്തിയപ്പോൾ കോടതി മീൻചന്തയല്ലെന്ന് ഓർമിപ്പിച്ച് ചീഫ് ജസ്റ്റിസ് താക്കീത് നൽകി. സമരസ്ഥലങ്ങളിലെ സിസിടിവി നിരീക്ഷണം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണെന്ന് കേന്ദ്രം വാദിച്ചു. വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികളും ഗർഭിണിയായ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി പിടിച്ചുതള്ളിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജിയും ഈ മാസം 23ന് പ്രത്യേകം പരിഗണിക്കും.

മറുപടി രേഖപ്പെടുത്തുക