കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം; അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് നടപടി.

സിജു സാമുവൽ, ഹംസ കെ.പി., ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെയാണ് പരാതിയിൽ ആരോപണമുള്ളത്. പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്നും ഇവരിൽ ചിലർ വി.ഡി. സതീശനെ അനുകൂലിക്കുന്നവരാണെന്നും റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കോൺഗ്രസിൽ സജീവമായിരുന്ന സമയത്ത് സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളാണ് കേസിന് ആധാരം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫിലും കോൺഗ്രസിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ശക്തമായിരുന്നു. ഈ ഘട്ടത്തിൽ വിവിധ നേതാക്കളെ പിന്തുണച്ച് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പരസ്പരം ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചിരുന്നു.

കെ സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അഞ്ച് സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് ജോൺസൺ എബ്രഹാം ആദ്യം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നടപടി വൈകിയതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വീണ്ടും പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ വിഭാഗം ഐ.ജിക്ക് അന്വേഷണ ചുമതല നൽകി.

കേസെടുത്തതിന് പിന്നാലെ പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിലെ ആഭ്യന്തര രാഷ്ട്രീയ ചർച്ചകൾ സമൂഹമാധ്യമങ്ങളിലും ശക്തമായിരുന്നു. കെ സി വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ പിന്തുണച്ച് പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രതികരണങ്ങൾ നടത്തിയിരുന്നു. പോസ്റ്ററുകൾക്കും സമൂഹമാധ്യമ പോസ്റ്റുകൾക്കും പിന്നാലെ പരസ്പര ആരോപണങ്ങളും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസ് നടപടി.

മറുപടി രേഖപ്പെടുത്തുക