ഇസ്രയേൽ തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലെന്ന് നെതന്യാഹു; വിശാല ദേശീയ സർക്കാരിന് ആഹ്വാനം

ഇസ്രയേൽ തെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കാൻ വിദേശശക്തികൾ വൻതുക ചെലവഴിച്ചതായി സംശയിക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ആരോപണം. വിദേശ ഇടപെടലിന് തെളിവുകൾ പുറത്തുവിടാതെയാണ് അദ്ദേഹം സംശയം ഉന്നയിച്ചത്.

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാർട്ടികളെ ആശ്രയിക്കേണ്ടിവരുന്ന സർക്കാരിന് രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള തീവ്ര ഇസ്‌ലാമിക ഭീഷണികളെ നേരിടാനാകില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്റെ ജൂത സ്വത്വം ഇല്ലാതാക്കാനും ശത്രുക്കൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷി ദുർബലപ്പെടുത്താനുമാണ് ഇത്തരം പാർട്ടികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

താൻ നേതൃത്വം നൽകുന്ന ലിക്കുഡ് പാർട്ടിക്കും അതിനൊപ്പം ചേരാൻ തയ്യാറുള്ള സയണിസ്റ്റ് പാർട്ടികൾക്കും മാത്രമേ ഈ വെല്ലുവിളികളെ നേരിടാൻ കഴിയൂവെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ദേശീയ ചേരിയിലെ വിവിധ വിഭാഗങ്ങളെയും സഖ്യത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന സയണിസ്റ്റ് പാർട്ടികളെയും ഉൾപ്പെടുത്തി വിശാലമായ ദേശീയ സർക്കാർ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശാല സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി ചർച്ചകൾക്ക് തയ്യാറാണെന്ന് നേരത്തെയും നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കാത്ത പാർട്ടികളുമായും നിലവിലെ രാഷ്ട്രീയ പങ്കാളികളുമായും ചർച്ച നടത്താൻ ലിക്കുഡ് പാർട്ടി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതിയ സർക്കാരിന്റെ പ്രധാനമന്ത്രിയായി താൻ തന്നെ തുടരണമെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഭൂരിപക്ഷം ജൂതവിഭാഗവും തന്നെ അടുത്ത സർക്കാരിന്റെ പ്രധാനമന്ത്രിയായും ലിക്കുഡ് പാർട്ടിയെ ഏറ്റവും വലിയ കക്ഷിയായും തെരഞ്ഞെടുത്തുവെന്നും നെതന്യാഹു അവകാശപ്പെട്ടു. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്കിടയിൽ വിദേശ ഇടപെടൽ ആരോപണം ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക