മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രതിപക്ഷത്തിന് രേഖകൾ നൽകിയിട്ടുണ്ടോ?; പിണറായി വിജയനോട് മുഖ്യമന്ത്രി സതീശൻ

ജിഎൻഎ കരാർ വിവാദത്തിൽ രേഖകൾ പുറത്തുവിടാത്തത് എന്തുകൊണ്ടെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം ആവശ്യപ്പെട്ട ഏതെങ്കിലും രേഖ നൽകിയിട്ടുണ്ടോയെന്ന് സതീശൻ ചോദിച്ചു. കെഎസ്ഇബിയിലെ സിപിഐഎം സംഘടന പ്രതിപക്ഷ നേതാവിന് രേഖകൾ കൈമാറിയിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. കൂടുതൽ രേഖകൾ ആവശ്യമെങ്കിൽ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ നേടിയെടുക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹിമാചൽ പ്രദേശിൽനിന്ന് യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്ന വാഗ്ദാനത്തിന്റെ രേഖകൾ എവിടെയെന്ന തന്റെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടി നൽകിയിട്ടില്ലെന്ന് സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അത്തരമൊരു ഓഫർ ഹിമാചൽ പ്രദേശ് നൽകിയിട്ടില്ലെന്ന് പിണറായിക്ക് ബോധ്യപ്പെട്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാൻ രാജസ്ഥാൻ ഒക്ടോബർ 18ന് തീരുമാനിക്കുകയും കരാർ നിർദേശങ്ങൾ ഒക്ടോബർ 28ന് റെഗുലേറ്ററി കമ്മിഷന് മുന്നിലെത്തിക്കുകയും ചെയ്തിരുന്നു. കെഎസ്ഇബിയുടെ ശിപാർശയിൽ അന്തിമ തീരുമാനമെടുക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത് ഒക്ടോബർ 30നാണെന്നും സതീശൻ വിശദീകരിച്ചു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബി തന്നെയാണ് സർക്കാരിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജിഎൻഎ വഴി വൈദ്യുതി വാങ്ങുന്നത് പരിഗണിക്കാമെന്ന് മുൻ കെഎസ്ഇബി ചെയർമാൻ സർക്കാരിന് നൽകിയ കുറിപ്പിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ജിഎൻഎ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഫയലുകൾ പരിശോധിച്ച് വിശദാംശങ്ങൾ പഠിച്ച ശേഷമാണ് സർക്കാർ തീരുമാനങ്ങളെടുക്കുന്നതെന്നും ടിഷ്യു പേപ്പറുകളിൽ ഒപ്പിടുന്ന രീതിയല്ല തങ്ങളുടേതെന്നും സതീശൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക