കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയിൽ ദാരിദ്ര്യം ഗണ്യമായി കുറഞ്ഞത് വികസ്വര രാജ്യങ്ങൾക്ക് മാതൃകയാണെന്ന് പുതിയ റിപ്പോർട്ട്. സാമ്പത്തിക വളർച്ച, ഉപഭോഗത്തിലെ വർധന, തൊഴിലവസരങ്ങളുടെ വ്യാപനം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയാണ് ദാരിദ്ര്യനിർമാർജനത്തിന് പ്രധാനമായും സഹായിച്ചതെന്ന് ബംഗ്ലാദേശ് ആസ്ഥാനമായ ‘ദി ബിസിനസ് സ്റ്റാൻഡേർഡ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ലോകബാങ്കിന്റെ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ കടുത്ത ദാരിദ്ര്യനിരക്ക് 2011ലെ 27.1 ശതമാനത്തിൽനിന്ന് 2023ൽ 2.6 ശതമാനമായി കുറഞ്ഞു. ഇതിലൂടെ ഏകദേശം 49.6 കോടി ആളുകളെ കടുത്ത ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനായെന്നാണ് വിലയിരുത്തൽ. അമേരിക്കയിലെയും റഷ്യയിലെയും ജനസംഖ്യ ചേർത്തതിനേക്കാൾ കൂടുതലാണ് ഈ നേട്ടമെന്നും ലോകത്ത് ഏറ്റവും വേഗത്തിൽ ദാരിദ്ര്യം കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതിദിനം 4.20 ഡോളർ വരുമാനമെന്ന താഴ്ന്ന ഇടത്തരം വരുമാന രാജ്യങ്ങൾക്കുള്ള ദാരിദ്ര്യരേഖ അടിസ്ഥാനമാക്കിയുള്ള കണക്കിലും ഇന്ത്യയുടെ പുരോഗതി വ്യക്തമാണ്. ഈ മാനദണ്ഡപ്രകാരം ദാരിദ്ര്യനിരക്ക് 2011ലെ 57.7 ശതമാനത്തിൽനിന്ന് 2023ൽ 16.1 ശതമാനമായി കുറഞ്ഞതായി ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ക്ഷേമനിലയിലുണ്ടായ യഥാർഥ പുരോഗതിക്കൊപ്പം കണക്കെടുപ്പ് രീതികളിലെ മാറ്റങ്ങളും ദാരിദ്ര്യനിരക്കിലെ കുറവിനെ സ്വാധീനിച്ചിരിക്കാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും നിർണായകം
2010 മുതൽ 2025 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ദാരിദ്ര്യം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി റിപ്പോർട്ട് പറയുന്നു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള തിരിച്ചുവരവിന്റെ ഭാഗമായി 2022 മുതൽ 2025 വരെയുള്ള കാലയളവിൽ ശരാശരി ഏഴ് ശതമാനത്തിലധികം സാമ്പത്തിക വളർച്ച കൈവരിക്കാനായി.
രാജ്യത്തെ കുടുംബങ്ങളുടെ ഉപഭോഗച്ചെലവും ഗണ്യമായി വർധിച്ചു. 2015ൽ 1.24 ലക്ഷം കോടി ഡോളറായിരുന്ന കുടുംബങ്ങളുടെ ചെലവ് 2025ൽ 2.24 ലക്ഷം കോടി ഡോളറായി ഉയർന്നു. വിവേചനാധികാരമുള്ള ചെലവുകളിലുണ്ടായ വർധനയും ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളിലേക്കുള്ള ഉപഭോഗമാറ്റവും സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവ് നൽകി. ഇത് പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിച്ചു.
വനിതാ തൊഴിൽ പങ്കാളിത്തവും ക്ഷേമപദ്ധതികളും
തൊഴിലവസരങ്ങളുടെ വർധന, പ്രത്യേകിച്ച് സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ ലഭിച്ചത്, ദാരിദ്ര്യം കുറയ്ക്കുന്നതിൽ പ്രധാന ഘടകമായെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 17 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. പ്രതിവർഷം ശരാശരി 1.7 കോടി തൊഴിലവസരങ്ങളാണ് ഉണ്ടായത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2015ലെ 7.6 ശതമാനത്തിൽനിന്ന് 2025ൽ 4.2 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക സുരക്ഷാ പദ്ധതികളുടെ വ്യാപനം, ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ആനുകൂല്യ വിതരണം, സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന ക്ഷേമപദ്ധതികൾ, കാർഷിക-ഗ്രാമീണ മേഖലകൾക്കുള്ള പിന്തുണ എന്നിവയും ദാരിദ്ര്യനിർമാർജനത്തിന് കരുത്തേകി.
എന്നാൽ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ദാരിദ്ര്യം ഒരേപോലെ കുറഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ദരിദ്രരിൽ 57 ശതമാനവും ഉത്തർപ്രദേശ് മുതൽ പശ്ചിമബംഗാൾ വരെ നീളുന്ന തുടർച്ചയായ ഭൂമിശാസ്ത്ര മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കിടയിലും പ്രാദേശിക അസമത്വം നിലനിൽക്കുന്നുവെന്നതിന്റെ സൂചനയാണിത്.
