ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; അഞ്ജു ബോബി ജോർജിന് ഉജ്ജ്വല വിജയം

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷയ്ക്ക് തോൽവി. സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ നാല് ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഉഷ പരാജയപ്പെട്ടത്. അതേസമയം, മറ്റൊരു മലയാളി താരമായ അഞ്ജു ബോബി ജോർജ് ഒന്നാം സ്ഥാനത്തെത്തി വിജയിച്ചു.

ആറ് സ്ഥാനാർത്ഥികൾ മത്സരിച്ച തെരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജിനൊപ്പം ന്യൂ ഭാരത് പാനലിൽ മത്സരിച്ച സൈന നെഹ്‌വാൾ, റാണ രാംപാൽ, ഡോല ബാനർജി എന്നിവരും വിജയിച്ചു. നാല് സ്ഥാനങ്ങളിലേക്കുള്ള മത്സരത്തിൽ ഉഷയ്ക്ക് വിജയിക്കാനായില്ല.

അഞ്ജുവിന് 53 വോട്ടുകളാണ് ലഭിച്ചത്. റാണി രാംപാൽ 50 വോട്ടും ഡോല ബാനർജി 45 വോട്ടും സൈന നെഹ്‌വാൾ 43 വോട്ടും നേടി. പി.ടി. ഉഷയ്ക്ക് 40 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആറ് സ്ഥാനാർത്ഥികളിൽ അഞ്ചാം സ്ഥാനത്തായതോടെയാണ് ഉഷ പുറത്തായത്. മുൻ ബാസ്‌കറ്റ്‌ബോൾ താരം അനിത പോൾ ദുരൈക്ക് ആറു വോട്ടുകൾ ലഭിച്ചു. വനിതാ വിഭാഗത്തിൽ ആകെ 80 പേരാണ് വോട്ട് ചെയ്തത്.

ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ ഭരണസമിതി തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും അധ്യക്ഷയാകാനുള്ള ഉഷയുടെ നീക്കങ്ങൾക്ക് ഈ തോൽവി വലിയ തിരിച്ചടിയാണ്. സ്പോർട്സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിൽ വിജയിക്കുന്നവർ ഐഒഎ ജനറൽ അസംബ്ലിയിൽ അംഗങ്ങളാകുകയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനും വോട്ട് ചെയ്യാനും യോഗ്യത നേടുകയും ചെയ്യും. ഈ വിഭാഗത്തിലൂടെ യോഗ്യത നേടാനാകാത്തതിനാൽ ഇനി ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ നാമനിർദേശത്തിലൂടെ ജനറൽ അസംബ്ലിയിൽ അംഗമായാൽ മാത്രമേ ഉഷയ്ക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകൂ

മറുപടി രേഖപ്പെടുത്തുക