രാജ്യത്ത് ഉയർന്ന മൂല്യമുള്ള 500, 1000, 2000 രൂപ നോട്ടുകൾ പൂർണമായി പിൻവലിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. 100, 200 രൂപ നോട്ടുകൾ മാത്രമായി വിപണിയിലെ പണവിനിമയം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അഴിമതി നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അമരാവതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നായിഡു. ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്നത് പണത്തിന്റെ ഉപയോഗം കുറയ്ക്കാനും ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ച റിപ്പോർട്ടും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം, അടുത്തിടെ നടന്ന ആന്ധ്രാപ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മികച്ച വിജയം നേടിയതായും നായിഡു അവകാശപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യത്തിന് 58.9 ശതമാനം വോട്ട് ലഭിച്ചപ്പോൾ വൈഎസ്ആർ കോൺഗ്രസിന് 33.56 ശതമാനം വോട്ടാണ് ലഭിച്ചത്. 659 ജില്ലാ പരിഷത്ത് മണ്ഡലങ്ങളിൽ 575 എണ്ണത്തിലും സഖ്യം വിജയിച്ചതായും നഗര തദ്ദേശ സ്ഥാപനങ്ങളിലെ 100 മേയർ, ചെയർപേഴ്സൺ സ്ഥാനങ്ങളിൽ 94 എണ്ണവും നേടിയതായും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ഭരണത്തിലുള്ള വിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും നായിഡു പറഞ്ഞു.
