‘കമലദള’ത്തിലെ മോഹൻലാലിന്റെ നൃത്തം കണ്ട് അന്ന് ഞെട്ടി; അനുഭവം പങ്കുവെച്ച് വിനീത്

മോഹൻലാലിന്റെ അഭിനയമികവിനൊപ്പം നൃത്തത്തിലെ അനായാസതയും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് നടനും നർത്തകനുമായ വിനീത്. 1992ൽ സിബി മലയിൽ സംവിധാനം ചെയ്ത ‘കമലദളം’ എന്ന ചിത്രത്തിലെ ‘ആനന്ദനടനം’ എന്ന ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ മോഹൻലാലിന്റെ പ്രകടനം നേരിട്ട് കണ്ട അനുഭവമാണ് വിനീത് പങ്കുവെച്ചത്.

ഗാനരംഗത്തിൽ മോഹൻലാൽ നടത്തിയ ക്ലാസിക്കൽ നൃത്തം കണ്ട് താൻ ഉൾപ്പെടെയുള്ളവർ അത്ഭുതപ്പെട്ടുപോയെന്ന് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു. കൊറിയോഗ്രാഫറും സഹായികളും ചുവടുകൾ പറഞ്ഞുകൊടുക്കുമ്പോൾ പ്രത്യേകിച്ച് വലിയ റിഹേഴ്സലുകളൊന്നുമില്ലാതെ മോഹൻലാൽ അവ അനായാസം അവതരിപ്പിക്കുകയായിരുന്നു.

ചെന്നൈയിലെ മോഹൻ സ്റ്റുഡിയോയിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. മറ്റൊരു ജോലിയുടെ ഭാഗമായി അവിടെയെത്തിയപ്പോൾ ചിത്രീകരണം കാണാൻ മോഹൻലാൽ തന്നോട് ആവശ്യപ്പെട്ടെന്നും വിനീത് പറഞ്ഞു. ഷൂട്ടിങ്ങിന്റെ മുഴുവൻ സമയവും അവിടെ ചെലവഴിച്ചു. മോഹൻലാലിനും മോനിഷയ്ക്കുമൊപ്പമുള്ള ഗാനരംഗത്തിന്റെ ചിത്രീകരണം നേരിട്ട് കാണാൻ കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലാസിക്കൽ നർത്തകിയായതിനാൽ മോനിഷയ്ക്ക് നൃത്തത്തിൽ നേരത്തേ പരിശീലനമുണ്ടായിരുന്നു. എന്നാൽ മോഹൻലാൽ കൊറിയോഗ്രാഫർ പറഞ്ഞുകൊടുക്കുന്ന ചുവടുകൾ തത്സമയം മനസിലാക്കി അനായാസം അവതരിപ്പിച്ചതാണ് തന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്നും വിനീത് വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക