വന്ദേമാതരം പൂർത്തിയാകുംമുമ്പ് മന്ത്രി ഇരുന്നു; കെ. മുരളീധരനെതിരെ വിമർശനം

ഔദ്യോഗിക ചടങ്ങിനിടെ ദേശീയഗീതമായ ‘വന്ദേമാതരം’ പൂർണമായി ആലപിക്കുന്നതിന് മുമ്പ് മന്ത്രി കെ. മുരളീധരൻ ഇരുന്നത് വിവാദമായി. കാസർകോട് മൂളിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഭവം.

മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന ജില്ലാ കളക്ടർ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, കെ. മഹിൻ എംഎൽഎ എന്നിവരും ഗാനം പൂർത്തിയാകുന്നതിന് മുമ്പ് ഇരുന്നു. എന്നാൽ കെ. നീലകണ്ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും ദേശീയഗീതം അവസാനിക്കുന്നതുവരെ എഴുന്നേറ്റുനിന്നു. ആദ്യ രണ്ട് ചരണങ്ങൾ ആലപിച്ച ഉടൻ മന്ത്രി ഉൾപ്പെടെയുള്ളവർ ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗാനം തുടരുന്നതിനിടെ മന്ത്രി സമീപത്തിരുന്നവരുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.

ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തെച്ചൊല്ലി രാജ്യത്ത് ചർച്ചകൾ തുടരുന്നതിനിടെയാണ് സംഭവം. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് കോൺഗ്രസ് നിലപാട്. കേരളത്തിലെ സർക്കാർ ചടങ്ങുകളിൽ പൂർണരൂപം ആലപിക്കില്ലെന്നും ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ഉൾപ്പെടുത്തൂവെന്നും മന്ത്രി കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക