അധികാരത്തിലെത്തിയാൽ അയോധ്യയെ ആഗോള സനാതന തീർത്ഥാടന തലസ്ഥാനമാക്കും; പ്രഖ്യാപനവുമായി അഖിലേഷ് യാദവ്

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ അയോധ്യയെ ‘സനാതന തീർത്ഥാടനത്തിന്റെ ആഗോള തലസ്ഥാന’മാക്കി മാറ്റുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. എക്സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും ക്ഷേത്ര ഭരണത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും അഖിലേഷ് വാഗ്ദാനം ചെയ്തു.

ബിജെപി ഭരണത്തിൽ പുറത്തുനിന്നുള്ള കരാറുകാർ അയോധ്യയെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, അഴിമതിക്കാരായ ഉദ്യോഗസ്ഥരിൽ നിന്നും നേതാക്കളിൽ നിന്നും അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുമെന്നും മുന്നറിയിപ്പ് നൽകി. ക്ഷേത്ര പരിസരത്തെ സാമ്പത്തിക ക്രമക്കേടുകൾ ഭക്തരുടെ ഒഴുക്കിനെ ബാധിച്ചെന്നും അഖിലേഷ് ആരോപിച്ചു.

ബിജെപി ഭരണത്തിനു കീഴിൽ പാവപ്പെട്ടവരും സ്ത്രീകളും അപമാനിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ റേഷൻ കടകൾ വഴി എണ്ണയും നെയ്യും വിതരണം ചെയ്യുമെന്നും പ്രാദേശിക ബോട്ടിംഗ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ശ്രീരാമനെയോ ശ്രീകൃഷ്ണനെയോ മറ്റ് ആരാധനാമൂർത്തികളെയോ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി. 2027ലെ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് ലക്ഷ്യമിടുന്ന സമാജ്‌വാദി പാർട്ടി, അയോധ്യയിലെ ഭൂമി ഇടപാടുകളും അഴിമതി ആരോപണങ്ങളും ബിജെപിക്കെതിരായ പ്രധാന രാഷ്ട്രീയ വിഷയങ്ങളാക്കാനാണ് നീക്കം.

മറുപടി രേഖപ്പെടുത്തുക