ആർഎസ്എസ്–ബിജെപി നേതാക്കൾക്ക് കേരള പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. മുഖ്യമന്ത്രി സതീശന്റെ സർക്കാരും സംഘപരിവാറും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്നും യുഡിഎഫ് ഭരണത്തിൽ സാധാരണക്കാർക്ക് രക്ഷയില്ലെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാർ പോലും അറിയാതെയാണ് പല തീരുമാനങ്ങളും നടക്കുന്നതെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും ജയരാജൻ വിമർശിച്ചു.
അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന കുറുവാ സംഘാംഗമെന്ന് ആരോപിക്കപ്പെടുന്നയാളെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് വിമർശനം. ജില്ലാ പഞ്ചായത്ത് അംഗം സ്റ്റേഷനിലെത്തി ഇയാളെ അധിക്ഷേപിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതായും ജയരാജൻ പറഞ്ഞു.
ആക്രമണം നടത്തിയവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തിയില്ലെന്നും പൊലീസ് ഉത്തരവാദിത്വം നിർവഹിച്ചില്ലെങ്കിൽ അടൂരിലെ ക്രമസമാധാന നില തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു മുൻ എംഎൽഎയാണ് സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അടൂർ എംഎൽഎ ഓഫീസിൽ നിന്ന് ഇയാളുടെ ഉപദേശം തേടുന്നുണ്ടെന്നും പി. ജയരാജൻ ആരോപിച്ചു.
