അഭിഷേക് ശർമയെ ഏകദിന ടീമിലും ഉൾപ്പെടുത്തണം; പിന്തുണയുമായി മുഹമ്മദ് കൈഫ്

ഇന്ത്യൻ ടി20 ടീമിലെ വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമയെ ഏകദിന ടീമിലും ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഏകദിന ക്രിക്കറ്റിൽ കളിക്കാൻ അഭിഷേക് തയ്യാറാണെന്നും താരത്തിന് അവസരം നൽകുകയാണ് ഇനി വേണ്ടതെന്നും കൈഫ് അഭിപ്രായപ്പെട്ടു. അഭിഷേകിന്റെ ഏകദിന അരങ്ങേറ്റം അധികം വൈകില്ലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ആദ്യ പത്ത് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ബാറ്റ് ചെയ്യാൻ കഴിഞ്ഞാൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാൻ അഭിഷേകിന് സാധിക്കുമെന്ന് കൈഫ് പറഞ്ഞു. ആദ്യ ആറ് ഓവറിൽ തന്നെ മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള താരമാണ് അഭിഷേക്. പത്ത് ഓവർ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചാൽ എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിഷേകിനെപ്പോലൊരു താരം ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും ടെസ്റ്റിലും ഏകദിനത്തിലും താരത്തെ വളർത്തിയെടുക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും കൈഫ് യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക