അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം ബിജെപിയും ആർഎസ്എസും ആസൂത്രണം ചെയ്തത്: സോണിയ ഗാന്ധി

2012ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ സമരം ബിജെപിയും ആർഎസ്എസും ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. അന്നത്തെ യുപിഎ സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു സമരത്തിന്റെ ലക്ഷ്യമെന്നും സോണിയ ആരോപിച്ചു. തന്റെ ഓർമക്കുറിപ്പായ ബിലോങ്ങിങ്: എ ജേണി ഓഫ് ലവ് എന്ന പുസ്തകത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

സമരത്തിൽ പങ്കെടുത്തവർ തന്നെ പിന്നീട് ഇതേക്കുറിച്ച് സമ്മതിച്ചിട്ടുണ്ടെന്നും പുസ്തകത്തിൽ സോണിയ പറയുന്നു. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം യുപിഎ സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് 2014ൽ സർക്കാർ ലോക്പാൽ നിയമം പാസാക്കിയത്. എന്നാൽ പിന്നീട് അധികാരത്തിലെത്തിയ ബിജെപി സർക്കാർ നിയമത്തെ ദുർബലപ്പെടുത്തിയെന്നും അവർ വിമർശിച്ചു.

കേന്ദ്രതലത്തിൽ ലോക്പാലിനും സംസ്ഥാനങ്ങളിൽ ലോകായുക്തകൾക്കും അഴിമതിക്കേസുകൾ അന്വേഷിക്കാൻ അധികാരം നൽകുന്ന സംവിധാനമാണ് യുപിഎ സർക്കാർ കൊണ്ടുവന്നത്. എന്നാൽ ബിജെപി ഭരണത്തിൽ ഈ സംവിധാനം അട്ടിമറിക്കപ്പെട്ടെന്നും ഫലപ്രദമായി പ്രവർത്തിക്കാനാകാത്ത അവസ്ഥയിലായെന്നും സോണിയ ആരോപിച്ചു.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ വ്യാപകമായ വ്യാജപ്രചാരണങ്ങളും ആക്രമണങ്ങളും നടന്നിരുന്നതായും സോണിയ പുസ്തകത്തിൽ അനുസ്മരിച്ചു. ഇത്തരം വിമർശനങ്ങളെ അദ്ദേഹം ഏറെ അന്തസ്സോടെയാണ് നേരിട്ടതെന്നും അവർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക