ഡബ്ല്യുടിഎ റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി മായ; സാനിയ മിർസയ്ക്ക് ശേഷമുള്ള ആദ്യ ഇന്ത്യൻ താരം; വൈഷ്ണവിക്കും നേട്ടം

ചെന്നൈ ഓപ്പണിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടെന്നീസ് താരങ്ങളായ വൈഷ്ണവി അദ്കറിനും മായ രാജേശ്വരൻ രേവതിക്കും വനിതാ സിംഗിൾസ് റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടം. തിങ്കളാഴ്ച പുറത്തുവിട്ട പുതിയ ഡബ്ല്യുടിഎ റാങ്കിങ്ങിലാണ് ഇരുവരും മുന്നേറ്റം നടത്തിയത്. ചെന്നൈയിലെ നുങ്കമ്പാക്കം എസ്‌ഡിഎടി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ഇരുവരും ആദ്യമായി ഡബ്ല്യുടിഎ ടൂർ തലത്തിൽ വിജയം സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ ഒന്നാം നമ്പർ താരമായ 21കാരി വൈഷ്ണവി ആദ്യ റൗണ്ടിൽ മുൻ ലോക 85-ാം നമ്പർ താരം ബ്രിട്ടന്റെ ജോഡി ബറേജിനെ 3-6, 6-3, 7-5 എന്ന സ്കോറിന് അട്ടിമറിച്ചു. എന്നാൽ അടുത്ത മത്സരത്തിൽ റഷ്യയുടെ അനസ്താസിയ സഖറോവയോട് 3-6, 0-6ന് പരാജയപ്പെട്ടു. പുതിയ റാങ്കിങ്ങിൽ 36 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ വൈഷ്ണവി ലോക 308-ാം റാങ്കിലെത്തി.

17കാരിയായ മായ രാജേശ്വരൻ രേവതി ടൂർണമെന്റിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. പോളണ്ടിന്റെ ലോക 115-ാം നമ്പർ താരം കറ്റാർസിന കവയെ 6-4, 2-6, 7-6(5) എന്ന സ്കോറിനും ലോക 277-ാം നമ്പർ താരം വെറോണിക്ക ഫാൽകോവ്സ്കയെ 6-4, 6-3നും തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലെത്തി. ഇതോടെ 2012ൽ പട്ടായ സിറ്റിയിൽ സാനിയ മിർസയ്ക്ക് ശേഷം ഡബ്ല്യുടിഎ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി മായ. ക്വാർട്ടറിൽ അമേരിക്കയുടെ റോബിൻ മോണ്ട്ഗോമറിയോട് 3-6, 3-6ന് തോറ്റെങ്കിലും റാങ്കിങ്ങിൽ 180 സ്ഥാനങ്ങൾ മുന്നേറി ലോക 489-ാം നമ്പറിലെത്തി.

ടൂർണമെന്റിൽ വൈൽഡ് കാർഡ് ലഭിച്ച മറ്റൊരു ഇന്ത്യൻ താരം സഹജ യമലപള്ളിക്ക് ആദ്യ റൗണ്ടിൽ സ്വിറ്റ്സർലൻഡിന്റെ സിമോണ വാൾട്ടർട്ടിനോട് 4-6, 6-3, 3-6ന് തോൽവി നേരിട്ടു. റാങ്കിങ്ങിൽ രണ്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങി സഹജ 425-ാം സ്ഥാനത്തെത്തി.

സിംഗിൾസ് റാങ്കിങ്ങിലെ ആദ്യ അഞ്ച് ഇന്ത്യൻ താരങ്ങൾ (നവംബർ 9, 2026)

  1. വൈഷ്ണവി അദ്കർ – 308
  2. വൈദേഹി ചൗധരി – 393
  3. സഹജ യമലപള്ളി – 425
  4. മായ രാജേശ്വരൻ രേവതി – 489
  5. അങ്കിത റെയ്ന – 588
    ഡബിൾസിലും ഇന്ത്യൻ താരങ്ങൾക്ക് റാങ്കിങ് നേട്ടമുണ്ടായി. ചെന്നൈ ഓപ്പൺ ഫൈനലിലെത്തിയ ആദ്യ സമ്പൂർണ ഇന്ത്യൻ ജോഡിയായ റുതുജ ഭോസലെയും വൈഷ്ണവി അദ്കറും റണ്ണറപ്പായി. ഫൈനലിൽ സ്വിറ്റ്സർലൻഡിന്റെ സിമോണ വാൾട്ടർട്ട്–നൈമ കരമോക്കോ സഖ്യത്തോട് 2-6, 0-6ന് പരാജയപ്പെട്ടു.

എങ്കിലും പുതിയ റാങ്കിങ്ങിൽ റുതുജ 128-ാം സ്ഥാനത്തുനിന്ന് 106-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇതോടെ കരിയറിലെ ഏറ്റവും മികച്ച ഡബിൾസ് റാങ്കിങ് സ്വന്തമാക്കി. വൈഷ്ണവിയും 359-ാം സ്ഥാനത്തുനിന്ന് 212-ാം സ്ഥാനത്തേക്ക് മുന്നേറി.

ഡബിൾസ് റാങ്കിങ്ങിലെ ആദ്യ അഞ്ച് ഇന്ത്യൻ താരങ്ങൾ (നവംബർ 9, 2026)

  1. റുതുജ ഭോസലെ – 106
  2. അങ്കിത റെയ്ന – 143
  3. വൈഷ്ണവി അദ്കർ – 212
  4. പ്രാർത്ഥന തോംബരെ – 260
  5. സഹജ യമലപള്ളി – 302

മറുപടി രേഖപ്പെടുത്തുക