കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിവാദ ആരോപണങ്ങളുമായി ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. സോണിയ ഗാന്ധി ഗാന്ധി കുടുംബത്തിലേക്ക് എത്തിയതിനുശേഷം ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ കുടുംബാംഗങ്ങൾ ഒന്നൊന്നായി കൊല്ലപ്പെട്ടതിൽ സംശയമുണ്ടെന്നാണ് കങ്കണയുടെ പരാമർശം. സംഭവങ്ങളെല്ലാം യാദൃച്ഛികമാണോയെന്നും അവർ ചോദിച്ചു.
സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേണി ഓഫ് ലവ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കങ്കണയുടെ പ്രതികരണം. ചൊവ്വാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സോണിയയെ ‘നിഗൂഢയായ വിദേശി’ എന്ന് വിശേഷിപ്പിച്ച് അവർ വിമർശനം ഉന്നയിച്ചത്. തന്റെ എമർജൻസി സിനിമയ്ക്കായി ഗാന്ധി കുടുംബത്തെക്കുറിച്ച് വിശദമായ ഗവേഷണം നടത്തിയപ്പോഴാണ് ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നും കങ്കണ അവകാശപ്പെട്ടു.
സഞ്ജയ് ഗാന്ധിയുടെ മരണശേഷം ഭാര്യ മേനക ഗാന്ധിയെയും മകൻ വരുൺ ഗാന്ധിയെയും സോണിയയുടെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും കങ്കണ ആരോപിച്ചു. ചെറുപ്പത്തിൽ വിധവയായ മേനക കുഞ്ഞിനെയും കൊണ്ട് കുടുംബത്തിൽനിന്ന് പുറത്തുപോകേണ്ടിവന്നത് ദുരൂഹമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഗാന്ധി കുടുംബത്തിന്റെ പഴയൊരു വീഡിയോ പങ്കുവെച്ചും കങ്കണ പ്രതികരിച്ചു. വീഡിയോയിൽ സോണിയയുടെ സംരക്ഷണയിൽ കുടുംബാംഗങ്ങൾ ഒന്നിച്ചുനിൽക്കുന്നതായി തോന്നുമ്പോൾ മേനക ഒറ്റപ്പെട്ടും ദുഃഖിതയായും കാണപ്പെടുന്നുവെന്നാണ് കങ്കണയുടെ നിരീക്ഷണം. രാജീവ് ഗാന്ധിയെ വിദേശത്തെ ഒരു കഫേയിൽവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ സോണിയ പിന്നീട് ഗാന്ധി കുടുംബത്തിന്റെ ഭാഗമായി മാറിയതിനെക്കുറിച്ചും അവർ സംശയങ്ങൾ ഉന്നയിച്ചു.
