സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തെ പ്രശംസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രണയവും ദുരന്തവും ത്യാഗവും അതിജീവനവും നിറഞ്ഞ സോണിയ ഗാന്ധിയുടെ ജീവിതം ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ നിർണായക അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിയോഗം സൃഷ്ടിച്ച ആഘാതങ്ങൾക്കിടയിലും പ്രതിസന്ധികളെ അതിജീവിച്ച് കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ച സോണിയയുടെ ജീവിതയാത്രയാണ് പുസ്തകം അവതരിപ്പിക്കുന്നതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. കടുത്ത രാഷ്ട്രീയ സമ്മർദങ്ങൾക്കിടയിലും 2004ൽ പ്രധാനമന്ത്രി പദം നിരസിച്ച അവരുടെ തീരുമാനം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ സംഭവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശജന്മം രാഷ്ട്രീയ ആയുധമാക്കി വിമർശനങ്ങൾ ഉയർന്നപ്പോഴും പക്വതയോടെയും നിശ്ചയദാർഢ്യത്തോടെയും അവയെ നേരിട്ട സോണിയ ഗാന്ധിയുടെ ജീവിതം മതേതര, ജനാധിപത്യ വിശ്വാസികൾ വായിച്ചിരിക്കേണ്ടതാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
