കേരളത്തിന് പുറത്തുപോയി പഠിച്ചിറങ്ങുന്ന ചില നഴ്സുമാരുടെ പരിശീലന നിലവാരത്തിൽ വീഴ്ചകളുണ്ടെന്ന് കെ. മുരളീധരൻ. ഇഞ്ചക്ഷൻ മാറി കുത്തുന്നതുൾപ്പെടെയുള്ള ഗുരുതരമായ ചികിത്സാ പിഴവുകൾക്ക് കാരണം മതിയായ പരിശീലനത്തിന്റെ അഭാവമാണെന്നും കേരളത്തിലേതുപോലെയുള്ള മികച്ച പഠനരീതിയും പരിശീലനവും മറ്റ് സംസ്ഥാനങ്ങളിൽ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നഴ്സിംഗ് സീറ്റുകളുടെ എണ്ണം നിലവിലുള്ള 100ൽ നിന്ന് 200 ആയി ഉയർത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കെ.എം.എസ്.സി.എല്ലിൽ ഉദ്യോഗസ്ഥർ ചുമതലയേൽക്കാൻ മടിക്കുന്നതിനെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. അനാവശ്യ സമ്മർദങ്ങൾക്ക് വഴങ്ങാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെയും ഡിവൈഎഫ്ഐയുടെയും വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ആരെങ്കിലും മരിച്ചിട്ടുണ്ടോ, ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ച് പരിശോധിക്കുകയാണ് ഡിവൈഎഫ്ഐയെന്ന് മുരളീധരൻ പരിഹസിച്ചു. ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസുകൾ കണ്ട് സർക്കാർ നടപടിയെടുക്കില്ലെന്നും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും എന്നാൽ തെറ്റ് ചെയ്യാത്തവർക്ക് സർക്കാരിന്റെ സംരക്ഷണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എംഎ മരുന്ന് വിവാദത്തിൽ പ്രതിപക്ഷ നേതാവ് നൽകിയ കത്ത് വിലകൂടിയ മരുന്ന് ലഭ്യമാക്കാനായുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനെപ്പോലെ എല്ലാവർക്കും വിദേശത്ത് പോയി ചികിത്സിക്കാൻ കഴിയില്ലല്ലോ എന്നും മുരളീധരൻ പരിഹസിച്ചു.
യുഡിഎഫിലോ മന്ത്രിസഭയിലോ നിലവിൽ ഭിന്നതകളില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രി കൃത്യമായ കൂടിയാലോചനകൾ നടത്താറുണ്ട്. അടൂർ പ്രകാശ് പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മുന്നണിയിലും പാർട്ടിയിലും ചർച്ചകളും കൂടിയാലോചനകളും സുഗമമായി മുന്നോട്ടുപോകുന്നുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
