അധികാരത്തിലെത്തിയ ശേഷം സതീശന് വാഗ്ദാനങ്ങൾ പാലിക്കാനാകുന്നില്ലെന്ന് ചിന്ത ജെറോം

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ചിന്ത ജെറോം. അധികാരത്തിലെത്തിയശേഷം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.

‘എന്റെ ശരീരം വേദനിക്കുന്നു’ എന്നാണ് സമരത്തിലുണ്ടായിരുന്ന വളർമതി ഇന്നലെ പൊലീസിനോട് പറഞ്ഞതെന്ന് ചിന്ത ചൂണ്ടിക്കാട്ടി. മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പോലും പൊലീസ് കൈവശം വെച്ചുവെന്നും അവർ ആരോപിച്ചു.

ഒരു ഭീകര ക്യാമ്പിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതുപോലെയായിരുന്നു പൊലീസിന്റെ നടപടിയെന്നും ചിന്ത വിമർശിച്ചു. പൊലീസ് സമരപ്പന്തൽ പൊളിച്ചുമാറ്റിയതിന് പിന്നാലെ ഡി.വൈ.എഫ്.ഐ ബദൽ സമരപ്പന്തൽ നിർമിച്ചു. ഈ പന്തൽ സംരക്ഷിക്കുമെന്നും സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്കൊപ്പം ഏതറ്റം വരെയും മുന്നോട്ടുപോകുമെന്നും ചിന്ത വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക