മലപ്പുറം ജില്ലയിൽ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. അങ്ങാടിപ്പുറത്ത് നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം ജില്ലയിൽ ഷിഗല്ല ബാധിച്ചവരുടെ എണ്ണം 12 ആയി. കുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.
നേരത്തെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അങ്ങാടിപ്പുറത്തും പുതിയ കേസ് സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ ജലസ്രോതസ്സുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നൽകി.
