പരസ്യവും വാർത്താവിനിമയവും ഒരൊറ്റ കുടക്കീഴിൽ; പ്രസ് ഇൻഫർമേഷൻ ബ്യൂറോയും സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനും ലയിപ്പിക്കാൻ കേന്ദ്രസർക്കാർ

കേന്ദ്ര സർക്കാരിന്റെ പ്രചാരണ, വാർത്താവിനിമയ സംവിധാനത്തിൽ നിർണായക മാറ്റത്തിന് തീരുമാനം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി), പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) എന്നീ രണ്ട് പ്രധാന വകുപ്പുകളെ ലയിപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ലയനത്തിനുശേഷം ഏകീകൃത വകുപ്പ് പിഐബി എന്ന പേരിൽ പ്രവർത്തിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സർക്കാർ നയങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം മാധ്യമങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. നിലവിൽ സമാന സ്വഭാവമുള്ള പ്രവർത്തനങ്ങൾ രണ്ട് വകുപ്പുകളിലായി നടക്കുന്നത് ഒഴിവാക്കി ഭരണപരമായ ഏകോപനം ഉറപ്പാക്കാനും സർക്കാർ ഫണ്ടുകളും മനുഷ്യവിഭവശേഷിയും കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനും ലയനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ന്യൂഡൽഹിയിലെ പിഐബി ഡയറക്ടർ ജനറൽ (കോഓർഡിനേഷൻ) ആയിരിക്കും സംയുക്ത വകുപ്പിന് നേതൃത്വം നൽകുക. അദ്ദേഹം കമ്മ്യൂണിക്കേഷൻ ബോർഡ് ചെയർമാന് റിപ്പോർട്ട് ചെയ്യും. കേന്ദ്രതലത്തിൽ മാത്രമല്ല, സംസ്ഥാനങ്ങളിലെയും പ്രാദേശിക തലങ്ങളിലെയും ഓഫീസുകളിലും സമാനമായ ലയന നടപടികൾ നടപ്പാക്കാനാണ് തീരുമാനം.

സിബിസിയുടെ വിപുലമായ പരസ്യ-പ്രചാരണ സംവിധാനവും പിഐബിയുടെ വാർത്താവിനിമയ ശൃംഖലയും സംയോജിപ്പിക്കുന്നതിലൂടെ സർക്കാരിന്റെ വിവരങ്ങൾ കൂടുതൽ വേഗത്തിലും ഫലപ്രദമായും ജനങ്ങളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നയങ്ങൾ, ക്ഷേമപദ്ധതികൾ, ദേശീയ പരിപാടികൾ എന്നിവയുടെ പ്രചാരണത്തിൽ ഏകീകൃത സംവിധാനം കൂടുതൽ കാര്യക്ഷമത കൊണ്ടുവരുമെന്നും സർക്കാർ കരുതുന്നു.

2017 ഡിസംബർ എട്ടിനാണ് ഡിഎവിഐപി, ഡയറക്ടറേറ്റ് ഓഫ് ഫീൽഡ് പബ്ലിസിറ്റി (ഡിഎഫ്പി), സോങ് ആൻഡ് ഡ്രാമ ഡിവിഷൻ എന്നിവ ലയിപ്പിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ രൂപീകരിച്ചത്. അച്ചടി, ഡിജിറ്റൽ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി കേന്ദ്ര മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു സിബിസിയുടെ പ്രധാന ചുമതല.

ഒന്നാം ലോകമഹായുദ്ധകാലം മുതൽ ചരിത്രമുള്ള സ്ഥാപനമാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. സർക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഒരു നൂറ്റാണ്ടിലേറെയായി പിഐബി നിർണായക പങ്കുവഹിക്കുന്നു. സർക്കാരിനും മാധ്യമങ്ങൾക്കുമിടയിലെ ആശയവിനിമയ പാലമായി പ്രവർത്തിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ പ്രതികരണങ്ങൾ സർക്കാരിലേക്ക് എത്തിക്കുന്നതും പിഐബിയുടെ പ്രധാന ചുമതലകളിലൊന്നാണ്. ഈ രണ്ട് സംവിധാനങ്ങളും ഒരൊറ്റ കുടക്കീഴിലാകുന്നതോടെ കേന്ദ്ര സർക്കാരിന്റെ വിവരവിനിമയ രീതിയിൽ വലിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്.

മറുപടി രേഖപ്പെടുത്തുക