രണ്ട് ലോകകപ്പ് കിരീടങ്ങളും ഒളിമ്പിക് സ്വർണവും; അമേരിക്കൻ താരം അലിസ നേഹർ ഫുട്ബോളിനോട് വിടപറയുന്നു

അമേരിക്കൻ വനിതാ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പർ അലിസ നേഹർ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 16 വർഷം നീണ്ട കരിയറിനാണ് 38-കാരിയായ താരം വിരാമമിടുന്നത്. അമേരിക്കയ്ക്കൊപ്പം രണ്ട് ലോകകപ്പ് കിരീടങ്ങളും 2024ലെ പാരിസ് ഒളിമ്പിക്സിൽ സ്വർണ മെഡലും നേടിയ ശേഷമാണ് വിരമിക്കൽ തീരുമാനം.

പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ നേഹർ, ബോസ്റ്റൺ ബ്രേക്കേഴ്സിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. വിമൻസ് പ്രൊഫഷണൽ സോക്കർ ലീഗ് പിരിച്ചുവിട്ടതോടെ ജർമനിയിലേക്ക് മാറിയ താരം അവിടെ ക്ലബ് ഫുട്ബോൾ കളിച്ചു. പിന്നീട് നാഷനൽ വിമൻസ് സോക്കർ ലീഗ് (എൻഡബ്ല്യുഎസ്എൽ) രൂപീകരിച്ചതോടെ ബോസ്റ്റൺ ടീമിലേക്ക് തിരിച്ചെത്തി.

2015 അവസാനത്തോടെ ബോസ്റ്റണിൽനിന്ന് ഷിക്കാഗോയിലേക്ക് മാറിയ നേഹർ കഴിഞ്ഞ 11 സീസണുകളായി ഷിക്കാഗോ സ്റ്റാർസിന്റെ ഭാഗമായിരുന്നു. ക്ലബിനായി 179 മത്സരങ്ങളിൽ കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്. അമേരിക്കയുടെ അണ്ടർ 17, അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി കളിച്ച ശേഷമാണ് സീനിയർ ദേശീയ ടീമിലെത്തിയത്. ദേശീയ ടീമിനായി 115 മത്സരങ്ങളിൽ ഗോൾവല കാത്തു.

വിരമിക്കൽ തീരുമാനം എളുപ്പമായിരുന്നില്ലെന്നും ഏറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും നേഹർ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2015ൽ ഷിക്കാഗോയിലേക്ക് മാറിയപ്പോൾ ജീവിതം കീഴ്മേൽ മറിഞ്ഞതുപോലെ തോന്നിയെങ്കിലും പിന്നീട് ആ നഗരം സ്വന്തം വീടുപോലെയായെന്നും സഹതാരങ്ങൾക്കൊപ്പം കളിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

2024ൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച നേഹർ പിന്നീട് ക്ലബ് ഫുട്ബോളിൽ തുടർന്നിരുന്നു. എൻഡബ്ല്യുഎസ്എല്ലിന്റെ റെഗുലർ സീസണിൽ ഗോൾകീപ്പറെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത താരമെന്ന റെക്കോർഡ് (224) നേഹറിന്റെ പേരിലാണ്. 765 സേവുകളുമായി ലീഗിൽ ഈ വിഭാഗത്തിലും താരം മുന്നിലാണ്.

മറുപടി രേഖപ്പെടുത്തുക