വൈദ്യുതി പ്രതിസന്ധിയിൽ വ്യക്തത തേടി സർക്കാർ; കെ.എസ്.ഇ.ബിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന കെ.എസ്.ഇ.ബിയുടെ വിലയിരുത്തലിൽ വ്യക്തത തേടി സർക്കാർ. പ്രതിസന്ധിയുടെ യഥാർഥ സാഹചര്യം വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ ഊർജവകുപ്പ് സെക്രട്ടറി ബോർഡിനോട് ആവശ്യപ്പെട്ടു. ജി.എൻ.എ. പോലുള്ള സ്വകാര്യ പ്ലാറ്റ്‌ഫോമുകളിൽനിന്ന് ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിലെ നിയമപ്രശ്നങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നാണ് നിർദേശം.

നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയില്ലാത്തതിനാലാണ് ജി.എൻ.എ.യിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം. എന്നാൽ ഈ നിലപാടിനെ മന്ത്രി സണ്ണി ജോസഫ് പരസ്യമായി എതിർത്തിരുന്നു. കരാർ വിവാദമായതോടെ അതിൽനിന്ന് പിന്മാറാൻ പ്രതിസന്ധിയില്ലെന്ന് സർക്കാർ വാദിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മുൻപ് ഡോ. രാജമാണിക്യം ചെയർമാനായിരിക്കെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് റിപ്പോർട്ട് നൽകിയതും വിവാദമായിരുന്നു.

സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ നിഗമനങ്ങൾ പരിഗണിച്ചാണ് കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റി വൈദ്യുതി ആവശ്യകത വിലയിരുത്തുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, ജി.എൻ.എ.യിൽ വൈദ്യുതി ലഭ്യമാണെന്ന വിവരം ഒക്ടോബർ 13-ന് ചീഫ് സെക്രട്ടറി സർക്കാരിനെ അറിയിച്ചിരുന്നുവെന്നും പുറത്തുവന്നിട്ടുണ്ട്. എന്നാൽ കമ്പനിയുടെ അറിയിപ്പ് കെ.എസ്.ഇ.ബിക്ക് ലഭിച്ചത് പത്തുദിവസത്തിന് ശേഷമാണ്.

ഈ കത്ത് ബന്ധപ്പെട്ട ഫയലിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും ട്രേഡിങ് ലൈസൻസില്ലാത്ത പ്ലാറ്റ്‌ഫോമുകൾ വൈദ്യുതി വാഗ്ദാനം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വൈദ്യുതി പ്രതിസന്ധിയുണ്ടോ എന്നതിലും ജി.എൻ.എ. കരാറിന്റെ നിയമസാധുതയിലും സർക്കാരിന്റെ വിശദീകരണം നിർണായകമാകും.

മറുപടി രേഖപ്പെടുത്തുക