വോട്ടുകൊള്ളയ്ക്കെതിരെ നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യാസഖ്യം സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ 90ഓളം യൂത്ത് കോൺഗ്രസ് ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവർക്കെതിരെയാണ് നടപടി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് കൂട്ട സസ്പെൻഷൻ.
കിഴക്കൻ യു.പിയിൽനിന്ന് മൂന്ന് വൈസ് പ്രസിഡന്റുമാർ, 33 ജനറൽ സെക്രട്ടറിമാർ, 18 സെക്രട്ടറിമാർ, ഒരു ജോയിന്റ് സെക്രട്ടറി, 12 ജില്ലാ പ്രസിഡന്റുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മധ്യമേഖലയിൽ 12 പേർക്കെതിരെ നടപടിയെടുത്തതായി മേഖലയുടെ ചുമതലയുള്ള സംസ്ഥാന പ്രസിഡന്റ് ദീപക് ശിവ്ഹരെ അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ 17 പേരെ സസ്പെൻഡ് ചെയ്തതായി ചുമതലയുള്ള സംസ്ഥാന പ്രസിഡന്റ് പരസ് ശുക്ലയും വ്യക്തമാക്കി.
അതേസമയം, സസ്പെൻഷനിലായവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കാമെന്നാണ് കിഴക്കൻ മേഖലയിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിശാൽ സിങ്ങിന്റെ പ്രതികരണം. ഡൽഹി റാലിയിൽ പങ്കെടുത്തതിന് തെളിവുകൾ ചിലർ ഹാജരാക്കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതിരുന്നവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശദീകരണങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും വിശാൽ സിങ് വ്യക്തമാക്കി.
