തമിഴ്‌നാട്ടിൽ റേഷൻ കടകളിൽ വനിതാ സ്വയംസഹായ സംഘം അംഗങ്ങൾക്ക് താൽക്കാലിക നിയമനം; ദിവസവേതനം 400 രൂപ

തമിഴ്‌നാട്ടിൽ സഹകരണ വകുപ്പിന് കീഴിലുള്ള റേഷൻ കടകളിലെ ജീവനക്കാരുടെ ഒഴിവുകൾ താൽക്കാലികമായി നികത്താൻ വനിതാ സ്വയംസഹായ സംഘം അംഗങ്ങളെ നിയമിക്കുന്നു. സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതുവരെ വനിതാ അംഗങ്ങളെ താൽക്കാലികമായി നിയോഗിക്കാൻ സഹകരണ വകുപ്പ് എല്ലാ സോണൽ ജോയിന്റ് രജിസ്ട്രാർമാർക്കും നിർദേശം നൽകി.

സംസ്ഥാനത്തുടനീളം സഹകരണ വകുപ്പിന് കീഴിൽ ഏകദേശം 36,300 റേഷൻ കടകളാണുള്ളത്. 2026 ഓഗസ്റ്റ് 31-ലെ കണക്കനുസരിച്ച് 1,714 സെയിൽസ്‌പേഴ്‌സൺ തസ്തികകളും 176 വെയർഹൗസ് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. അധിക ചുമതലകൾ ഏറ്റെടുത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ജോലിഭാരം വർധിച്ചതും പ്രതിസന്ധിക്ക് കാരണമായി.

ജില്ലാ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങൾ വഴി സ്ഥിരം നിയമനം നടത്താൻ സമയമെടുക്കുന്നതിനാൽ റേഷൻ വിതരണം തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ക്രമീകരണം. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സോണൽ കോ-ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാറും വനിതാ പദ്ധതി ഓഫീസറും ഉൾപ്പെടുന്ന പ്രത്യേക സമിതിയായിരിക്കും നിയമനത്തിനായി അംഗങ്ങളെ തിരഞ്ഞെടുക്കുക.

റേഷൻ കട സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് അല്ലെങ്കിൽ നഗരവാർഡിലെ വനിതാ സ്വയംസഹായ സംഘത്തിൽ കുറഞ്ഞത് അഞ്ചുവർഷമായി തുടർച്ചയായി പ്രവർത്തിക്കുന്ന അംഗങ്ങൾക്കാണ് മുൻഗണന. സംഘത്തിന് കൃത്യമായ അക്കൗണ്ട് രേഖകളും വായ്പാ തിരിച്ചടവിൽ കുടിശ്ശികയില്ലാത്ത അവസ്ഥയും ഉണ്ടായിരിക്കണം. സെയിൽസ്‌പേഴ്‌സൺ തസ്തികയ്ക്ക് പ്ലസ് ടുവും വെയർഹൗസ് തസ്തികയ്ക്ക് പത്താം ക്ലാസുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർ അതത് പ്രദേശത്തുള്ളവരും ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്തവരുമായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റേഷൻ വിതരണം, പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിൽ പരിശീലനം നൽകും. താൽക്കാലിക ജീവനക്കാർക്ക് പ്രതിദിനം 400 രൂപയാണ് വേതനം. സെയിൽസ്‌പേഴ്‌സൺമാരുടെ പരമാവധി പ്രതിമാസ വേതനം 7,500 രൂപയും വെയർഹൗസ് ജീവനക്കാരുടേത് 6,600 രൂപയുമായിരിക്കും.

മറുപടി രേഖപ്പെടുത്തുക