തൃശൂർ പൂരം കലക്കൽ അന്വേഷണം: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി ആഭ്യന്തരവകുപ്പ്; പുതിയ റിപ്പോർട്ട് തേടി

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് മടക്കി. റിപ്പോർട്ടിൽ വ്യക്തതയില്ലെന്നും ആവശ്യമായ തെളിവുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാത്തതിനാൽ പുതിയ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

2024-ലെ പൂരം കലക്കൽ കേസിൽ ആരോപണവിധേയനായ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ റിപ്പോർട്ടിൽ ദുർബലമായ പരാമർശങ്ങൾ മാത്രമാണുള്ളത്. തിരുവമ്പാടി ദേവസ്വം ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട പത്തുപേർക്കെതിരെ മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു പ്രധാന ശുപാർശ. എന്നാൽ പൂരത്തിന്റെ സംഘാടകർക്കെതിരെ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്.

പൂരം കലക്കലിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഏത് ഉദ്യോഗസ്ഥനാണ് എന്ത് വീഴ്ച വരുത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. വീഴ്ച വരുത്തിയവർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നിർദേശമില്ല. എഡിജിപി എം.ആർ. അജിത് കുമാർ സ്ഥലത്തുണ്ടായിരുന്നിട്ടും ഫോൺ കോളുകൾ സ്വീകരിച്ചില്ലെന്ന കാര്യവും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് റിപ്പോർട്ട് മടക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും പൂരം കലക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വിവാദമായിരുന്നു. അന്ന് എഡിജിപി എം.ആർ. അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തരവകുപ്പ് തള്ളിയതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

മറുപടി രേഖപ്പെടുത്തുക