ബിൽക്കിസ് ബാനു കേസ്: രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവരുടെ ശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. 17 വർഷത്തിലധികം ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും അപ്പീലുകളിൽ പരിഗണിക്കേണ്ട നിയമപരവും വസ്തുതാപരവുമായ വിഷയങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

2017 മെയ് മാസത്തിൽ പ്രതികളുടെ ശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകളിലാണ് ഒക്ടോബർ 28ന് സുപ്രീംകോടതി ഇടക്കാല ആശ്വാസം നൽകിയത്. ബിപിൻചന്ദ് ജോഷിയുടെ ഗുരുതരമായ ശാരീരിക വൈകല്യവും കോടതി പരിഗണിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവവും വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകളും ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.

എന്നാൽ, പ്രതികളിലൊരാളുടെ പേര് ആദ്യ എഫ്ഐആറിൽ ഉണ്ടായിരുന്നില്ലെന്നും സംഭവത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് ഇയാളെ കേസിൽ പ്രതിചേർത്തതെന്നും പ്രതിഭാഗം വാദിച്ചു. അതിജീവിത പൊലീസിന് നൽകിയ മൊഴിയിലോ വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറോട് നടത്തിയ വെളിപ്പെടുത്തലിലോ ഇരുവരുടെയും പേരുകൾ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന സാധ്യതയ്ക്കപ്പുറം കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിന് വ്യക്തമായ തെളിവുകളില്ലെന്ന വാദവും കോടതിയിൽ ഉന്നയിച്ചു.

2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകി മോചിപ്പിച്ച 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇരുവരും. എന്നാൽ, ഈ നടപടി ബിൽക്കിസ് ബാനു സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. 2024 ജനുവരിയിൽ ഗുജറാത്ത് സർക്കാരിന്റെ ശിക്ഷാ ഇളവ് ഉത്തരവ് കോടതി റദ്ദാക്കി. മഹാരാഷ്ട്രയിൽ നടന്ന വിചാരണയിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, രണ്ടാഴ്ചയ്ക്കകം ജയിലിൽ കീഴടങ്ങാനും ഉത്തരവിട്ടിരുന്നു. തുടർന്ന് ജയിലിൽ കഴിയുകയായിരുന്ന പ്രതികളിൽ രണ്ടുപേർക്കാണ് ഇപ്പോൾ അപ്പീലുകളിൽ അന്തിമ തീരുമാനമാകുന്നതുവരെ ജാമ്യം ലഭിച്ചിരിക്കുന്നത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് അഞ്ചുമാസം ഗർഭിണിയായിരുന്ന 21കാരി ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേരും കൊല്ലപ്പെട്ടു. കേസിൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് 11 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

മറുപടി രേഖപ്പെടുത്തുക