ഡിജെ പാർട്ടികളെ മയക്കുമരുന്ന് കേന്ദ്രങ്ങളായി മുൻകൂട്ടി വിലയിരുത്താനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം പരിപാടികളെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്തിനാണെന്നും ബാറുകളിൽ നൃത്തം ചെയ്യുന്നതിനും പാട്ട് കേൾക്കുന്നതിനും വിലക്കേർപ്പെടുത്താനാകുമോയെന്നും കോടതി ചോദിച്ചു. രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി നിരീക്ഷിച്ചു.
ഹോട്ടലുകളിൽ മദ്യവിൽപ്പന അനുവദിക്കുമ്പോൾ ഡിജെ പാർട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ യുക്തിയും കോടതി ചോദ്യം ചെയ്തു. ഡിജെ സംഗീതവും ഒരു തൊഴിൽ മേഖലയാണെന്നും അതിനെ പൊതുവൽക്കരിച്ച് കാണരുതെന്നും വ്യക്തമാക്കി. അതേസമയം, മയക്കുമരുന്ന് ഉപയോഗത്തോട് വിട്ടുവീഴ്ചയില്ലെന്നും നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഡിജെ പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസിനെ വിന്യസിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് നിയമപരമായ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് നൽകിയ നോട്ടീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിശദവാദം കേട്ടത്.
