പാക് സൈന്യത്തിൽനിന്ന് കൂറുമാറിയ മുൻ ക്യാപ്റ്റൻ ബിഎൽഎയുടെ പുതിയ മേധാവി; ബലൂചിസ്ഥാനിൽ പാകിസ്ഥാന് വെല്ലുവിളി ശക്തമാകുന്നു

ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനും വെല്ലുവിളി ഉയർത്തുന്ന വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യുടെ പുതിയ കമാൻഡർ-ഇൻ-ചീഫായി മുൻ പാക് സൈനിക ഉദ്യോഗസ്ഥൻ റഹ്മാൻ ഗുല്ലിനെ നിയമിച്ചതായി റിപ്പോർട്ടുകൾ. പാകിസ്ഥാൻ സൈന്യത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിരുന്ന ഗുൽ സൈന്യത്തിൽനിന്ന് കൂറുമാറി ബിഎൽഎയിൽ ചേർന്നയാളാണ്. സംഘടനയുടെ നേതൃത്വത്തിലുണ്ടായ ഈ മാറ്റം ബലൂചിസ്ഥാനിലെ സംഘർഷത്തിന്റെ സ്വഭാവത്തെ സ്വാധീനിച്ചേക്കുമെന്നാണ് പ്രതിരോധ നിരീക്ഷകരുടെ വിലയിരുത്തൽ.

നേതൃത്വത്തിലെ മാറ്റത്തിനൊപ്പം ആക്രമണരീതികളിലും ആയുധശേഖരത്തിലും അംഗങ്ങളെ കണ്ടെത്തി സംഘടനയിൽ ചേർക്കുന്ന രീതിയിലും ബിഎൽഎ മാറ്റങ്ങൾ വരുത്തിയതായാണ് റിപ്പോർട്ടുകൾ. നേരത്തെ ഐഇഡി സ്ഫോടനങ്ങളും മിന്നലാക്രമണങ്ങളും പ്രധാനമായും ആശ്രയിച്ചിരുന്ന സംഘടന ഇപ്പോൾ കൂടുതൽ ആധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. പാക് സുരക്ഷാസേനയുടെ വാഹനവ്യൂഹങ്ങളെ ലക്ഷ്യമിടാൻ സൈനിക ആവശ്യങ്ങൾക്കായി പരിഷ്കരിച്ച ക്വാഡ്കോപ്റ്റർ ഡ്രോണുകളും ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ആളില്ലാ ആകാശവാഹനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ സൈനിക പട്രോളിങ്ങിന് കൂടുതൽ ഭീഷണിയായെന്നും പാക് സൈന്യത്തിലെ മരണസംഖ്യ വർധിക്കാൻ കാരണമായെന്നും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

പാക് സൈന്യത്തിലെ മുൻ ഉദ്യോഗസ്ഥരെയും അസംതൃപ്തരായ സൈനികരെയും സംഘടനയിലേക്ക് ആകർഷിക്കാനും ബിഎൽഎ ശ്രമിക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. സൈന്യത്തിനുള്ളിലെ അതൃപ്തിയുള്ളവരെ കണ്ടെത്തി സംഘടനയിൽ എത്തിക്കുന്നതിനായി പ്രത്യേക വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

ബലൂചിസ്ഥാനിലെ സൈനിക നടപടികൾ, നിർബന്ധിത തിരോധാനങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, വികസനത്തിലെ അവഗണന തുടങ്ങിയ വിഷയങ്ങൾ പാക് സൈന്യത്തിനുള്ളിൽ അതൃപ്തിക്ക് കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തെ മുതലെടുത്ത് കൂടുതൽ സൈനികരെ സംഘടനയിലേക്ക് ആകർഷിക്കാനാണ് ബിഎൽഎയുടെ നീക്കമെന്നാണ് വിലയിരുത്തൽ.

റഹ്മാൻ ഗുൽ എന്ന മുരീദ് ബലൂച്ച് പാകിസ്ഥാൻ സൈന്യത്തിലെ 19-ാമത് ഫ്രോണ്ടിയർ ഫോഴ്‌സ് റെജിമെന്റിൽ കമ്മീഷൻഡ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബലൂചിസ്ഥാൻ വിഷയത്തിൽ പാക് സർക്കാരിന്റെ നിലപാടിനോടുള്ള വിയോജിപ്പിനെ തുടർന്ന് സൈന്യം വിട്ട് ബിഎൽഎയിൽ ചേർന്നതായും പറയുന്നു. പിന്നീട് സംഘടനയുടെ നേതൃത്വനിരയിലേക്ക് ഉയർന്ന ഗുൽ, ബിഎൽഎയുടെ മജീദ് ബ്രിഗേഡ് രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

പാക് സൈന്യത്തിന്റെ പ്രവർത്തനരീതികളെക്കുറിച്ചുള്ള ഗുല്ലിന്റെ അറിവ് സംഘടനയ്ക്ക് തന്ത്രപരമായ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. സൈന്യത്തിലെ കൂടുതൽ അസംതൃപ്തരെ ബിഎൽഎയിലേക്ക് ആകർഷിക്കാനും ഈ നിയമനം സഹായിച്ചേക്കാം. ബലൂചിസ്ഥാനിലെ പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ പദ്ധതികൾക്കും പുതിയ സംഭവവികാസം വെല്ലുവിളിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക