ഉറ്റ സുഹൃത്ത് ജീവിതപങ്കാളിയായി; ഗൗതമുമായുള്ള പ്രണയകഥ വെളിപ്പെടുത്തി കാജൽ അഗർവാൾ

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായ നടി കാജൽ അഗർവാളിന്റെ പ്രണയകഥ ആരാധകർക്കിടയിൽ വീണ്ടും ചർച്ചയാകുന്നു. ഭർത്താവ് ഗൗതം കിച്ച്‌ലുവുമായുള്ള പ്രണയവും വിവാഹത്തിലേക്കെത്തിയ സാഹചര്യങ്ങളും താരം തുറന്നുപറഞ്ഞു. ‘ഹ്യൂമൻസ് ഓഫ് ബോംബെ’ക്ക് നൽകിയ അഭിമുഖത്തിലാണ് നീണ്ട സൗഹൃദത്തിനും ഇടവേളകൾക്കും ശേഷം ഇരുവരും ജീവിതപങ്കാളികളാകാൻ തീരുമാനിച്ചതിനെക്കുറിച്ച് കാജൽ മനസുതുറന്നത്.

ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ വെച്ചാണ് ഗൗതമിനെ ആദ്യമായി കണ്ടുമുട്ടിയതെന്ന് കാജൽ പറഞ്ഞു. ഏകദേശം 13 വർഷം മുമ്പായിരുന്നു അത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ഡേറ്റിങ് ആരംഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടർന്നു. ഇതിനിടെ ഇരുവരും മറ്റു ബന്ധങ്ങളിലേക്കും കടന്നെങ്കിലും തങ്ങളുടെ ബന്ധത്തിന്റെ പ്രത്യേകത പിന്നീട് തിരിച്ചറിഞ്ഞുവെന്ന് കാജൽ വെളിപ്പെടുത്തി.

കോവിഡ് കാലമാണ് ജീവിതത്തിൽ വീണ്ടും ഒന്നിക്കാനുള്ള തീരുമാനത്തിലേക്ക് ഇരുവരെയും എത്തിച്ചതെന്നും താരം പറഞ്ഞു. ലോകം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരുമിച്ച് ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നി. ഇത്തവണ ഒന്നിക്കുകയാണെങ്കിൽ വിവാഹം കഴിക്കണമെന്നും അല്ലെങ്കിൽ എന്നെന്നേക്കുമായി വേർപിരിയണമെന്നും താൻ ഗൗതമിനോട് പറഞ്ഞതായി കാജൽ ഓർത്തെടുത്തു. ഗൗതമിനും അതേ അഭിപ്രായമായിരുന്നു. പരസ്പരം എല്ലാം അറിയാമായിരുന്നുവെന്നും ലോക്ഡൗൺ ജോലിത്തിരക്കുകളിൽനിന്ന് മാറി വ്യക്തിജീവിതത്തിന് പ്രാധാന്യം നൽകാൻ അവസരമൊരുക്കിയെന്നും താരം പറഞ്ഞു. അങ്ങനെയാണ് കോവിഡ് കാലത്ത് ചെറിയ ചടങ്ങിലൂടെ വിവാഹിതരായതെന്നും കാജൽ വ്യക്തമാക്കി.

2020 ഒക്ടോബർ 30ന് മുംബൈയിലായിരുന്നു കാജൽ അഗർവാളിന്റെയും ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2022 ഏപ്രിലിൽ ദമ്പതികൾക്ക് നീൽ എന്ന മകൻ ജനിച്ചു.

‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിലൂടെ തെന്നിന്ത്യയിലും ശ്രദ്ധേയയായി. ‘തുപ്പാക്കി’, ‘ജില്ല’, ‘വിവേഗം’, ‘മെർസൽ’ തുടങ്ങിയ ചിത്രങ്ങൾ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. വിവാഹത്തിനുശേഷം ചെറിയ ഇടവേളയെടുത്ത കാജൽ ഇപ്പോൾ സിനിമാരംഗത്ത് സജീവമായ തിരിച്ചുവരവിലാണ്.

മറുപടി രേഖപ്പെടുത്തുക