2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനോ കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തി ഇര. കോടതി ഉത്തരവ് തനിക്കും കുടുംബത്തിനും പഴയ ഭീതികൾ വീണ്ടും സമ്മാനിച്ചെന്നും കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും ബിൽക്കീസ് ബാനോ പ്രതികരിച്ചു. ജാമ്യ ഉത്തരവുകൾക്കെതിരെ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേശും പി.ബി. വരാലെയും അടങ്ങിയ ബെഞ്ചാണ് നവംബർ 16ന് പ്രതികളായ ബിപിൻ ചന്ദ്ര ജോഷിക്കും പ്രദീപ് മോർധിയയ്ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇരുവരും 17 വർഷത്തിലേറെ തടവ് അനുഭവിച്ചിട്ടുണ്ടെന്നും ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും അപ്പീലുകൾ ഇപ്പോഴും പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. 2024 ജനുവരിയിൽ ഗുജറാത്ത് സർക്കാരിന്റെ നേരത്തെയുള്ള ഇളവ് ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് വീണ്ടും ജയിലിലായ 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇരുവരും.
അഭിഭാഷക ശോഭ ഗുപ്ത മുഖേന പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിൽക്കീസ് ബാനോ തന്റെ പ്രതിഷേധം അറിയിച്ചത്. ജാമ്യം അനുവദിക്കുന്നതിനെക്കുറിച്ച് മുൻകൂട്ടി അറിയിക്കുകയോ കോടതിയിൽ വാദം അവതരിപ്പിക്കാൻ അവസരം നൽകുകയോ ചെയ്തില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും അവർ പറഞ്ഞു. പതിറ്റാണ്ടുകളായി നടത്തിയ നിയമപോരാട്ടത്തിലൂടെ നേടിയ നീതി നഷ്ടപ്പെടുന്നതായി തോന്നുന്നുവെന്നും പഴയ ഭയങ്ങൾ വീണ്ടും തന്നെ വേട്ടയാടുകയാണെന്നും അവർ വ്യക്തമാക്കി.
2002ലെ കലാപത്തിനിടെ അഞ്ച് മാസം ഗർഭിണിയായിരിക്കെയാണ് താൻ കൂട്ടബലാത്സംഗത്തിനിരയായതെന്നും മൂന്ന് വയസ്സുള്ള മകൾ സലേഹയടക്കം കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടതായും ബിൽക്കീസ് ബാനോ ഓർമിപ്പിച്ചു. സ്വന്തം കുട്ടികൾക്കും കുടുംബത്തിനും എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഈ പോരാട്ടം തുടരുന്നതെന്നും സുപ്രീം കോടതി ഉത്തരവുകൾ ചോദ്യം ചെയ്യുമെന്നും അവർ അറിയിച്ചു.
