യുപിയിൽ കോൺഗ്രസ്–എസ്പി സീറ്റ് വിഭജന തർക്കം രൂക്ഷം; 181 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 24 സീറ്റുകൾ മാത്രം നൽകാമെന്ന് അഖിലേഷ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ. കോൺഗ്രസിന് ആദ്യഘട്ടത്തിൽ 24 സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്നാണ് എസ്പിയുടെ നിലപാട്. അതേസമയം, 181 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാൻ എസ്പി തയ്യാറാകില്ലെന്നാണ് സൂചന.

വിജയസാധ്യത മാത്രം അടിസ്ഥാനമാക്കിയായിരിക്കും സീറ്റ് വിഭജനമെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഇരുപാർട്ടികളും തമ്മിൽ ധാരണയിലെത്താൻ കഴിയാത്ത സാഹചര്യം പ്രതിപക്ഷ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് നീക്കങ്ങൾക്ക് വെല്ലുവിളിയായേക്കും.

അതിനിടെ, ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തന്ത്രങ്ങൾ ബിജെപിയും സജീവമാക്കിയിട്ടുണ്ട്. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര നിർമാണ വിഷയം ഉൾപ്പെടെയുള്ളവ പ്രചാരണത്തിൽ പ്രധാന ചർച്ചാവിഷയമാക്കാനാണ് പാർട്ടിയുടെ നീക്കം. അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ മഥുരയെയും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമാക്കാനുള്ള ബിജെപി നീക്കം പ്രതിപക്ഷ പാർട്ടികൾക്കിടയിലും ചർച്ചയായിട്ടുണ്ട്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസും സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ കമ്മിറ്റികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. സ്ഥാനാർഥികളെ കണ്ടെത്തുകയും നിർണയ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതാണ് കമ്മിറ്റികളുടെ പ്രധാന ചുമതല.

ഓരോ സ്ക്രീനിങ് കമ്മിറ്റിയിലും ഒരു ചെയർപേഴ്സണും രണ്ട് അംഗങ്ങളുമാണുള്ളത്. കേരളത്തിൽ നിന്നുള്ള എംപിമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും വിവിധ സംസ്ഥാനങ്ങളിലെ സ്ക്രീനിങ് കമ്മിറ്റികളിൽ അംഗങ്ങളായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കുന്നതിനൊപ്പം സ്ഥാനാർഥി നിർണയ നടപടികളും വേഗത്തിലാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.

മറുപടി രേഖപ്പെടുത്തുക