‘മരണം വരെ കോടിയേരി പാർട്ടി സെക്രട്ടറിയാണെന്ന് വിശ്വസിച്ചു’; സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും എസ്ആർ വിനയകുമാർ

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ വിവരം പാർട്ടി നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നില്ലെന്ന് ആരോപിച്ച് ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ. മരണം വരെ താൻ പാർട്ടി സെക്രട്ടറിയാണെന്ന വിശ്വാസത്തിലായിരുന്നു കോടിയേരിയെന്നും രോഗാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഇരുട്ടിൽ നിർത്തിയാണ് നേതൃമാറ്റം നടത്തിയതെന്നും വിനയകുമാർ ആരോപിച്ചു.

സിപിഎം വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വിനയകുമാർ കോടിയേരിയുടെ അന്ത്യനാളുകളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്. കോടിയേരിയോട് പാർട്ടി നീതി കാണിച്ചില്ലെന്നും എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത് കോടിയേരിയുടെ നിർദേശപ്രകാരമാണെന്ന പാർട്ടി വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എം.വി. ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന കമ്മിറ്റി ചേർന്ന ദിവസം പിണറായി വിജയൻ, സീതാറാം യെച്ചൂരി, എം.എ. ബേബി എന്നിവർ കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു. എന്തിനാണ് അവർ വന്നതെന്ന് കോടിയേരി ചോദിച്ചെങ്കിലും നേതൃമാറ്റത്തെക്കുറിച്ച് അദ്ദേഹത്തോട് ആരും പറഞ്ഞില്ലെന്നാണ് വിനയകുമാറിന്റെ ആരോപണം. നേതാക്കൾ അടച്ചിട്ട മുറിയിൽ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മടങ്ങിയപ്പോൾ, എന്താണ് സംഭവിച്ചതെന്ന് താൻ ചോദിച്ചെന്നും ബംഗാളിലെ അന്തരിച്ച നേതാവ് അനിൽ ബിശ്വാസിനെക്കുറിച്ചാണ് സംസാരിച്ചതെന്നായിരുന്നു കോടിയേരിയുടെ മറുപടിയെന്നും വിനയകുമാർ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി എം.വി. ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം വൈകിട്ട് നാലുമണിയോടെ അദ്ദേഹം കോടിയേരിയുടെ വീട്ടിലെത്തിയതായും വിനയകുമാർ വെളിപ്പെടുത്തി. പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ചോയെന്ന് കോടിയേരി ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് മറുപടി നൽകി ഗോവിന്ദൻ മടങ്ങിയെന്നും ഇതിനെല്ലാം താൻ സാക്ഷിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോടിയേരിയുടെ കുടുംബവും സിപിഎം നേതൃത്വവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ആരോപണം. അതേസമയം, വിനയകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി തയ്യാറായില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി വിടുമ്പോൾ ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണിവെന്നും ഇത്തരം പരാമർശങ്ങളെ പാർട്ടി ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക