യമുനയിൽ വിഷനുര ഭീഷണി; ഛാഠ് പൂജയ്ക്കെത്തുന്ന ഭക്തരുടെ ആരോഗ്യവും അപകടത്തിൽ

യമുനാ നദിയിൽ രൂപപ്പെടുന്ന കട്ടിയുള്ള വെളുത്ത നുര ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യ ഭീഷണി ഉയർത്തുന്നതായി പരിസ്ഥിതി വിദഗ്ധരുടെ മുന്നറിയിപ്പ്. എല്ലാ വർഷവും ഛാഠ് പൂജയ്ക്കായി നദിയിലെത്തുന്ന ഭക്തർ ഈ മലിനജലത്തിൽ ഇറങ്ങി പ്രാർഥിക്കുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. നദിയിൽ കാണപ്പെടുന്ന നുര സ്വാഭാവിക പ്രതിഭാസമല്ലെന്നും രാസമാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചെടികളുടെയും ഇലകളുടെയും അവശിഷ്ടങ്ങൾ ജീർണിക്കുമ്പോൾ സ്വാഭാവികമായി ചെറിയ തോതിൽ നുര രൂപപ്പെടാറുണ്ട്. എന്നാൽ യമുനയിലെ കട്ടിയുള്ള വെളുത്ത പതയ്ക്ക് പ്രധാന കാരണം വീടുകളിൽനിന്നും വ്യവസായശാലകളിൽനിന്നും സംസ്കരിക്കാതെ ഒഴുക്കുന്ന മലിനജലമാണെന്നാണ് വിലയിരുത്തൽ. സോപ്പുകളിലും ഡിറ്റർജന്റുകളിലുമുള്ള രാസവസ്തുക്കളും ഫോസ്ഫേറ്റുകളും നുരയുടെ രൂപീകരണത്തിന് കാരണമാകുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ തണുപ്പ് കൂടുന്നതോടെ നദിയിലെ ജലപ്രവാഹം കുറയുകയും മലിനജലത്തിലെ രാസവസ്തുക്കൾ നദിയിൽ തങ്ങിനിൽക്കുകയും ചെയ്യും. കാറ്റിന്റെയും ജലപ്രവാഹത്തിന്റെയും സ്വാധീനത്തിൽ ഇവ കട്ടിയുള്ള നുരയായി മാറുന്നു.

ഓഖ്‌ല ബാരേജിന് താഴെയുള്ള കാളിന്ദി കുഞ്ജ് മേഖലയിലാണ് വിഷനുര കൂടുതലായി കാണപ്പെടുന്നത്. രാസമാലിന്യങ്ങൾ നദിയിലെ ജലജീവികളുടെ നിലനിൽപ്പിനെയും സാരമായി ബാധിക്കുന്നു. ഫോസ്ഫേറ്റിന്റെ അളവ് കൂടുന്നത് പായലുകളുടെ അമിതവളർച്ചയ്ക്ക് കാരണമാകുന്നു. ഇതോടെ വെള്ളത്തിലേക്ക് സൂര്യപ്രകാശവും ഓക്സിജനും എത്തുന്നത് തടസ്സപ്പെടുന്നു. ഡൽഹിയിലെ ഒഖ്‌ല പാലത്തിന് സമീപം യമുനയിലെ ജലത്തിൽ ലയിച്ച ഓക്സിജന്റെ അളവ് പൂജ്യം മില്ലിഗ്രാം വരെ താഴാറുണ്ട്. ഇത് മത്സ്യങ്ങളുൾപ്പെടെയുള്ള ജലജീവികളുടെ കൂട്ടമരണത്തിന് ഇടയാക്കുന്നു.

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മാനദണ്ഡങ്ങൾ പാലിക്കാത്ത സോപ്പുകളുടെയും ഡിറ്റർജന്റുകളുടെയും വിൽപ്പന ഡൽഹി മലിനീകരണ നിയന്ത്രണ സമിതി നിരോധിച്ചിട്ടുണ്ട്. യമുനാ ആക്ഷൻ പ്ലാൻ ഉൾപ്പെടെ നിരവധി ശുദ്ധീകരണ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ കോടികൾ ചെലവഴിച്ചിട്ടും മലിനീകരണത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിൽ സുപ്രീം കോടതിയും സർക്കാരിനെ വിമർശിച്ചിരുന്നു.

വെള്ളം ശക്തിയായി തളിച്ച് നുര താൽക്കാലികമായി കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും മലിനീകരണത്തിന്റെ ഉറവിടം തടയാതെ പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ നിലപാട്. ഇതിനിടെ, നദി ശുദ്ധീകരിക്കാനുള്ള ഉത്തരവാദിത്തത്തെച്ചൊല്ലി ഡൽഹി ജൽ ബോർഡും ഉത്തർപ്രദേശ് ജലസേചന വകുപ്പും തമ്മിലുള്ള തർക്കവും തുടരുകയാണ്.

മറുപടി രേഖപ്പെടുത്തുക