യുപി സീറ്റ് വിഭജന ചർച്ച: കോൺഗ്രസിന് സന്ദേശവുമായി അഖിലേഷ് യാദവ്; സീറ്റുകളല്ല, വിജയമാണ് പ്രധാനമെന്ന് നിലപാട്

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾക്കിടെ കോൺഗ്രസിന് നിർദേശങ്ങളുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സീറ്റുകളുടെ എണ്ണത്തേക്കാൾ തിരഞ്ഞെടുപ്പിലെ വിജയത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജനത്തിന് പകരം പരസ്പര ധാരണയോടെയുള്ള ‘സീറ്റ് ക്രമീകരണം’ എന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ബിജെപിയെ പരാജയപ്പെടുത്താൻ ഇരുപാർട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

നേരത്തെ ചർച്ച ചെയ്ത 26 സീറ്റുകൾക്ക് പുറമെ വിജയസാധ്യതയുള്ള മറ്റ് മണ്ഡലങ്ങളുടെ പട്ടിക നൽകാനും അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യത്തിൽ ഒരു പാർട്ടിയും സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കരുതെന്നും സമവായത്തിലൂടെയായിരിക്കണം സ്ഥാനാർത്ഥി നിർണയമെന്നും അഖിലേഷ് നിർദേശിച്ചു. ഇരുപാർട്ടികളുടെയും സംയുക്ത ശക്തി 806 സീറ്റുകളിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, അഞ്ച് സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി സമാജ്‌വാദി പാർട്ടി ആദ്യ പട്ടികയും പുറത്തുവിട്ടു.

കോൺഗ്രസ് 131 മണ്ഡലങ്ങളുടെ പട്ടികയാണ് സീറ്റ് വിഭജന ചർച്ചകൾക്കായി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ 26 സീറ്റുകൾ മാത്രം നൽകാമെന്ന നിലപാടിലാണ് സമാജ്‌വാദി പാർട്ടി. 55 മണ്ഡലങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. ബി, സി കാറ്റഗറി മണ്ഡലങ്ങളിൽ ചർച്ചകൾക്ക് തയ്യാറാണെന്നും ഓരോ ജില്ലയിലും സീറ്റുകൾ വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇട്ടാവ, മെയിൻപുരി ജില്ലകൾ സമാജ്‌വാദി പാർട്ടിക്ക് വിട്ടുനൽകാനാണ് ധാരണ.

403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള സീറ്റ് വിഭജന ചർച്ചകളിൽ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക