ഇന്ത്യ വികസിക്കുന്നത് ശക്തരായ രാജ്യങ്ങൾ ആഗ്രഹിക്കുന്നില്ല; ആധിപത്യം നിലനിർത്താൻ സമ്മർദം ചെലുത്തുന്നു: മോഹൻ ഭാഗവത്

ലോകത്തിലെ ശക്തരായ രാജ്യങ്ങളൊന്നും ഇന്ത്യ വികസിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ‘ശക്തരാണ് വിജയിക്കുന്നത്’ എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന രാജ്യങ്ങൾ തങ്ങളുടെ ആഗോള ആധിപത്യം നിലനിർത്താൻ മറ്റുള്ളവരെ നിരന്തരം സമ്മർദത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി ശംഭജിനഗറിൽ ജ്ഞാനയജ്ഞ ഫൗണ്ടേഷൻ സംഘടിപ്പിച്ച അഞ്ചാമത് ‘പദ്മോത്സവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ അതിവേഗം വികസിച്ചാൽ മറ്റ് രാജ്യങ്ങളിലെ കടകൾ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്ക ശക്തരായ രാജ്യങ്ങൾക്കുണ്ടെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. എന്നാൽ എല്ലാവരെയും സഹായിക്കാനാണ് ഇന്ത്യ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയെ വിമർശിക്കുന്ന അയൽരാജ്യങ്ങൾക്കുപോലും സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാലിദ്വീപിന് കുടിവെള്ളം എത്തിച്ചത്, ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചത്, നേപ്പാളിനും ബംഗ്ലാദേശിനും പിന്തുണ നൽകിയതും അദ്ദേഹം ഉദാഹരണങ്ങളായി പരാമർശിച്ചു. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സമയത്ത് പാകിസ്ഥാനെയും മാനുഷിക പരിഗണനയിൽ ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ യുവതലമുറ അടിമത്ത മനോഭാവത്തിൽനിന്ന് പുറത്തുകടന്നവരാണെന്നും അസത്യങ്ങൾ അംഗീകരിക്കാതെ രാജ്യത്തിന്റെ ഉയർച്ചയ്ക്കായി പ്രവർത്തിക്കാൻ അവർ തയ്യാറാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക