ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 17 ശതമാനം അധിക തീരുവ ചുമത്താനുള്ള നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം. പ്രധാന വ്യാപാര പങ്കാളികളിലെ അമിത ഉൽപ്പാദനവും അധിക ഉൽപ്പാദന ശേഷിയും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ വ്യാപാര നടപടികളുടെ ഭാഗമായാണ് നീക്കം. ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളെയാണ് പുതിയ നികുതി നയം ലക്ഷ്യമിടുന്നത്.
യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് (യുഎസ്ടിആർ) പുറത്തിറക്കിയ പ്രാഥമിക പട്ടിക പ്രകാരം ഇന്ത്യൻ കയറ്റുമതിക്ക് പരമാവധി 25 ശതമാനം വരെ തീരുവ ചുമത്താനാണ് നിർദേശം. എന്നാൽ, ട്രംപ് ഭരണകൂടവുമായി ന്യൂഡൽഹി സമഗ്ര വ്യാപാര കരാറിൽ ഒപ്പുവെച്ചാൽ നിരക്ക് 17 ശതമാനമായി കുറയ്ക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമെ ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ പ്രധാന സമ്പദ്വ്യവസ്ഥകളും നടപടിയുടെ പരിധിയിലുണ്ട്.
മറ്റ് രാജ്യങ്ങൾ ആഭ്യന്തര വിപണിയുടെ ആവശ്യകതയേക്കാൾ കൂടുതൽ ഉൽപ്പാദന ശേഷിയും ഉൽപ്പാദനവും വ്യവസായ മേഖലകളിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ യുഎസ്ടിആർ കഴിഞ്ഞ മാർച്ചിൽ അന്വേഷണം ആരംഭിച്ചിരുന്നു. ആവശ്യത്തിലധികം ഉൽപ്പന്നങ്ങൾ നിർമിച്ച് ആഗോള വിപണികളിലേക്ക് എത്തിക്കുന്നത് വിലയിടിവിന് കാരണമാകുന്നുവെന്നാണ് യുഎസിന്റെ വാദം. ഇത്തരം നടപടികൾ ആഗോള വ്യാപാരത്തെ ബാധിക്കുന്നതിനൊപ്പം അമേരിക്കയിലെ പ്രാദേശിക ഉൽപ്പാദന മേഖലയ്ക്കും തിരിച്ചടിയാകുന്നുവെന്നാണ് വാഷിംഗ്ടണിന്റെ ആരോപണം. ബാറ്ററി, സിമന്റ്, രാസവസ്തുക്കൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ മേഖലകളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
അതേസമയം, നിർദേശിച്ച തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരില്ല. അന്തിമ തീരുമാനത്തിന് മുമ്പ് വ്യവസായ മേഖലകളിൽ നിന്നും വ്യാപാര സംഘടനകളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നതിനായി യുഎസ് ഭരണകൂടം പൊതുകൂടിയാലോചന ആരംഭിച്ചിട്ടുണ്ട്. ഈ നടപടികൾ പൂർത്തിയായാൽ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അടുത്ത വർഷം ജനുവരിയോടെ തീരുവകൾ പ്രാബല്യത്തിൽ വന്നേക്കുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ച ആഗോള തീരുവകൾക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് സുപ്രീം കോടതി അവ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. പ്രസിഡന്റിന് ഇത്തരം തീരുവകൾ ചുമത്താൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. നിലവിൽ ഓട്ടോമൊബൈൽ, സ്റ്റീൽ തുടങ്ങിയ പ്രത്യേക മേഖലകളിലാണ് യുഎസ് തീരുവകൾ നിലനിൽക്കുന്നത്.
