വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് ബില്ലിൽ മാറ്റം വരുത്തുന്ന പുതിയ താരിഫ് നയവുമായി കേന്ദ്ര സർക്കാർ. തിരക്കേറിയ സമയങ്ങളിൽ കൂടുതൽ നിരക്കും വൈദ്യുതി ആവശ്യകത കുറഞ്ഞ സമയങ്ങളിൽ കുറഞ്ഞ നിരക്കും ഈടാക്കുന്ന ‘ടൈം ഓഫ് ഡേ’ (ToD) താരിഫ് സംവിധാനം നടപ്പാക്കാനാണ് നീക്കം. ഇതോടെ ഒരേ അളവിൽ വൈദ്യുതി ഉപയോഗിച്ചാലും ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് ഉപഭോക്താക്കളുടെ ബില്ലിൽ വ്യത്യാസമുണ്ടാകും.
കരട് നിർദേശപ്രകാരം 2027 ഏപ്രിൽ ഒന്നുമുതൽ പുതിയ സംവിധാനം നടപ്പാക്കും. 2028 ഏപ്രിൽ മുതൽ 10 കിലോവാട്ടിൽ കൂടുതൽ വൈദ്യുതി ആവശ്യകതയുള്ള ഉപഭോക്താക്കൾക്കും 2029 ഏപ്രിൽ മുതൽ സാധാരണ ഗാർഹിക ഉപഭോക്താക്കൾക്കും ഇത് ബാധകമാകും. കാർഷിക മേഖലയെ പുതിയ പരിഷ്കാരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷനുകളായിരിക്കും സമയക്രമവും നിരക്കുകളും നിശ്ചയിക്കുക.
10 കിലോവാട്ടിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരും സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജം ഉത്പാദിപ്പിക്കുന്നവരും ദൈനംദിന ഉത്പാദനത്തിന്റെ കുറഞ്ഞത് 20 ശതമാനം ബാറ്ററികളിൽ സംഭരിക്കണമെന്ന നിർദേശവും കരടിലുണ്ട്.
പുതിയ വൈദ്യുതി കണക്ഷനുകൾ അനുവദിക്കുന്നതിനും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. മെട്രോപൊളിറ്റൻ, കോർപ്പറേഷൻ മേഖലകളിൽ മൂന്ന് ദിവസത്തിനുള്ളിലും മറ്റ് മുനിസിപ്പാലിറ്റികളിൽ ഏഴ് ദിവസത്തിനുള്ളിലും ഗ്രാമപ്രദേശങ്ങളിൽ 15 ദിവസത്തിനുള്ളിലും കുന്നിൻ പ്രദേശങ്ങളിൽ 30 ദിവസത്തിനുള്ളിലും കണക്ഷൻ നൽകണം. ലൈനുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കുന്നതിന് 90 ദിവസമാണ് അനുവദിച്ചിരിക്കുന്നത്.
വൈദ്യുതി ബില്ലുകളിലെ ക്രമക്കേടുകൾ തടയാനും പുതിയ നിർദേശങ്ങളുണ്ട്. കഴിഞ്ഞ ആറുമാസത്തെ ശരാശരി ബില്ലിന്റെ അഞ്ചിരട്ടിയിലധികമോ അഞ്ചിലൊന്നിൽ താഴെയോ തുക വന്നാൽ ബില്ലിംഗ് സംവിധാനം അത് സംശയാസ്പദമായി കണ്ടെത്തണം. ഇത്തരം പരാതികൾ 30 ദിവസത്തിനുള്ളിൽ പരിഹരിക്കണം. അതുവരെ ഉപഭോക്താക്കൾക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ബിൽ അടച്ച് വൈദ്യുതി വിതരണം തടസ്സപ്പെടാതെ തുടരാനുള്ള സൗകര്യവും കരടിൽ നിർദേശിക്കുന്നു.
