എട്ട് വർഷം മുമ്പ് ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച സാൻഡ്പേപ്പർ വിവാദം വീണ്ടും സജീവ ചർച്ചയാകുന്നു. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന പന്ത് ചുരണ്ടൽ വിവാദത്തിൽ അന്വേഷണം വിപുലീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). ഇതിന്റെ ഭാഗമായി 2017-18ലെ ആഷസ് പരമ്പരയിലെ പന്തിന്റെ പരിപാലന രീതികളും സ്വതന്ത്ര ഫോറം പരിശോധിക്കും. അന്വേഷണ റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികളും പരസ്യപ്പെടുത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
2017-18ലെ ആഷസ് പരമ്പര ഓസ്ട്രേലിയ 4-0നാണ് സ്വന്തമാക്കിയത്. പരമ്പരയിൽ ഓസ്ട്രേലിയൻ ബൗളർമാർ തുടർച്ചയായി പന്ത് റിവേഴ്സ് സ്വിങ് ചെയ്തതിൽ ഇംഗ്ലണ്ട് താരങ്ങൾ അന്ന് അത്ഭുതം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് പെർത്ത് ടെസ്റ്റിൽ മഴയെ തുടർന്ന് നനഞ്ഞ പിച്ചിലും പന്ത് റിവേഴ്സ് സ്വിങ് ചെയ്തതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. ഓസ്ട്രേലിയ പന്തിൽ കൃത്രിമം കാണിച്ചിരിക്കാമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്കും അന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഷസ് പരമ്പരയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്.
മുതിർന്ന അഭിഭാഷക ഫിയോണ മക്ലിയോഡിന്റെ നേതൃത്വത്തിലാണ് സ്വതന്ത്ര ഫോറം അന്വേഷണം നടത്തുന്നത്. കളിക്കാർക്കും പരിശീലകർക്കും മറ്റ് ജീവനക്കാർക്കും തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ വാമൊഴിയായോ സ്വമേധയാ പങ്കുവയ്ക്കാം. വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ ശിക്ഷാനടപടികൾ സ്വീകരിക്കുകയോ പഴയ വിവാദങ്ങൾ വീണ്ടും കുത്തിപ്പൊക്കുകയോ അല്ല അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇടക്കാല ചെയർമാൻ ഡേവിഡ് ബൂൺ പറഞ്ഞു. കളിക്കാർക്ക് ആശങ്കകളും അനുഭവങ്ങളും തുറന്നുപറയാൻ സുരക്ഷിതമായ സാഹചര്യം ഒരുക്കുകയാണ് ഫോറത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ഉസ്മാൻ ഖവാജ തന്റെ ആത്മകഥയിലൂടെ സാൻഡ്പേപ്പർ വിവാദം വീണ്ടും ചർച്ചയാക്കിയിരുന്നു. 2018ലെ കേപ് ടൗൺ ടെസ്റ്റിൽ പന്ത് ചുരണ്ടാനുള്ള ഗൂഢാലോചനയെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്നായിരുന്നു ഖവാജയുടെ വെളിപ്പെടുത്തൽ. ഡേവിഡ് വാർണറും കാമറൂൺ ബാൻക്രോഫ്റ്റും ഈ വാദത്തെ പിന്തുണച്ചപ്പോൾ നിലവിലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മറ്റ് ബൗളർമാരും ആരോപണം നിഷേധിച്ചു.
ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് താരങ്ങൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരമൊരുക്കി ക്രിക്കറ്റ് ഓസ്ട്രേലിയ സ്വതന്ത്ര ഫോറത്തിന്റെ അന്വേഷണപരിധി വിപുലീകരിച്ചത്. പാറ്റ് കമ്മിൻസിന് പൂർണ പിന്തുണയുണ്ടെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡിസംബർ 9ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കങ്ങൾ ഓസ്ട്രേലിയ നടത്തുന്നതിനിടെയാണ് വിവാദം വീണ്ടും ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്.
